വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; നാടിനെയാകെ ഇളക്കിമറിച്ച് റോഡ്ഷോ, വൻ ജനാവലി


വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പ്രിയങ്കയുടെ കന്നിയങ്കത്തിനാണ് ഇതോടെ അരങ്ങൊരുങ്ങിയിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അകമ്പടിയോടെ റോഡ്ഷോ നടത്തിയതിന് ശേഷമാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്കയ്ക്ക് ഒപ്പം കളക്ട്രേറ്റിൽ എത്തി. സോണിയ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
ദൈവനാമത്തിലാണ് പ്രിയങ്ക ആദ്യ സെറ്റ് പത്രിക സമർപ്പിച്ചത്. കളക്ട്രേറ്റിൽ എത്തിയതിന് പിന്നാലെ കളക്‌ടറുടെ ചേംബറിലേക്ക് അഞ്ച് പേരിൽ അധികം നിൽക്കാൻ പാടില്ലെന്ന് കളക്‌ടർ അറിയിച്ചതോടെ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവർ പുറത്തിറങ്ങി. പിന്നീട് രണ്ടാം പത്രിക സമർപ്പിക്കുന്ന വേളയിൽ റോബർട്ട വദ്രയും മകനും പോയി പകരം രാഹുലും സോണിയയും ഖാർഗെയും എത്തുകയായിരുന്നു.
റോഡ്‌ഷോയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ചെയ്‌തു. മൂന്നര പതിറ്റാണ്ടിനിടെ പല തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് തനിക്ക് വേണ്ടി സ്വയം പ്രചാരണത്തിന് ഇറങ്ങുന്നത് എന്ന് പ്രിയങ്ക പറയുകയുണ്ടായി. പ്രസംഗത്തിനിടെ മുണ്ടക്കൈ-ചൂരൽമല സന്ദർശനം ഉൾപ്പെടെ പ്രിയങ്ക എടുത്തുപറഞ്ഞു. എല്ലാം നഷ്‌ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞാൽ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ആവുമെന്നും പ്രിയങ്ക പറഞ്ഞു.
ജനാധിപത്യത്തെ അടിച്ചമർത്താൻ ഏത് വഴിയും സ്വീകരിക്കുന്നവർ അധികാരത്തിലുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. ഇന്നലെ വൈകീട്ടോടെ സോണിയയ്ക്കും ഭർത്താവ് റോബർട്ട് വദ്ര ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്. തുടർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൽപ്പറ്റയിൽ നിന്നും ആരംഭിച്ച റോഡ്ഷോയിൽ പ്രിയങ്കയ്ക്ക് ഒപ്പം മുതിർന്ന നേതാക്കളും പങ്കെടുത്തു. വൻ ജനാവലി തന്നെയാണ് റോഡ്ഷോയിൽ പങ്കെടുക്കാനായി തടിച്ചുകൂടിയത്.