മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്


മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.
അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആശയവിനിമയങ്ങളും മുസ്ലീം സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ്റെ വാദങ്ങളും കേട്ടു.
അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകളോട് ആവശ്യപ്പെട്ടത്.
മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് നിര്‍ദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു.
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.