മലപ്പുറത്ത് യുവാവ് മരണപ്പെട്ടത് നിപ മൂലമെന്ന് സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും


വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്.
എന്നാൽ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതിന് ശേഷം മാത്രമേ സ്ഥിരീകരണം സാധ്യമാകൂ. ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപത്തിമൂന്നുകാരനായ വിദ്യാർഥി നിപയുടെ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച മരണപ്പെട്ടിരുന്നു.
നിപ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നടുവത്ത് വാർഡ് അംഗം പി പി മോഹനൻ പറഞ്ഞു.
കാലിന് പരിക്കേറ്റ് ബെംഗളൂരുവിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ യുവാവ് പനി വന്നതിനെ തുടർന്ന് നടുവത്തെ ഒരു ക്ലിനിക്കിലും വണ്ടൂരിലെ മറ്റൊരു ക്ലിനിക്കിലും പോയിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.