NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് ; പരിഷ്കാരം നാളെ മുതൽ 

 

തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നാളെ  മുതല്‍ ഗതാഗത പരിഷ്കാരം നിലവിൽ വരും, രാഷ്ടീയ ട്രേഡ് യുണിയൻ പ്രതിനിധികളുടെ യോഗത്തിലുയർന്ന ശുപാർശകൾ പ്രകാരം റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ച നടപടികൾക്ക് അന്തിമരൂപമായി.
കൊടിഞ്ഞി റോഡ് ജംഗ്ഷന്‍, കോഴിക്കോട് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യും.
ചെമ്മാട് ടൗണില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമുള്ള മത്സ്യകച്ചവടം അടക്കമുള്ള അനധികൃത തെരുവ് കച്ചവടങ്ങള്‍ പൂര്‍ണമായി നിരോധിക്കും.
ചെമ്മാട് ടൗണില്‍ കദീജ ഫാബ്രിക്‌സിന് മുന്‍വശമുള്ള ഷോപ്പിംഗ് കോപ്ലക്‌സിന് മുന്നിലായുള്ള പാര്‍ക്കിംഗ് ഏരിയ നിലവിലുള്ള വെള്ളവരയില്‍ നിന്നും രണ്ടുമീറ്റര്‍ പുറകിലേക്ക് മാറി മഞ്ഞവര വരയ്ക്കുകയും നോ പാര്‍ക്കിംഗ് എന്ന് തറയില്‍ എഴുതിവെക്കുകയും പാര്‍ക്കിംഗ് പരിമിതപ്പെടുത്തുകയും ചെയ്യും.
ചെമ്മാട് ടൗണിലെ ജംഗ്ഷനുകളിലും ആവശ്യമായ മറ്റു സ്ഥലങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഈ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും . കോഴിക്കോട് റോഡ് ജംഗ്ഷനിലെയും, ദര്‍ശന ടെക്‌സ്‌റ്റൈല്‍സിന് മുന്നിലെയും, ഖദീജ ഫാബ്രിക്‌സിന് മുന്നില്‍ ഇരുവശങ്ങളിലും ഉള്ള അനധികൃത ബസ്സ് സ്റ്റോപ്പ് പൂര്‍ണമായും ഒഴിവാക്കും. ഈ സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കും.  ഈ സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
കൊടിഞ്ഞി റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശമുള്ള ബസ്സ് സ്റ്റോപ്പ് നിലനിര്‍ത്തും.
കോഴിക്കോട് റോഡില്‍ നിലവിലുള്ള അനധികൃത ബസ്സ് സ്റ്റോപ്പ് ഒഴിവാക്കി എല്‍.ഐ.സി ഓഫീസിനു മുന്നിലായി പുതിയ ബസ്സ് സ്റ്റോപ്പ് സ്ഥാപിക്കും.
കോഴിക്കോട്  റോഡ് ജംഗ്ഷനില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് നിലവില്‍ സ്ഥാപിച്ച സ്ഥലത്ത് തന്നെ നിലനിര്‍ത്തുകയും ഇവിടെ ബസുകള്‍ നിര്‍ത്തുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
കോഴിക്കോട് റോഡ്  ജംഗ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോസ്റ്റാന്റ് 20 മീറ്റര്‍ പുറകിലേക്ക് മാറ്റുകയും ഓട്ടോറിക്ഷകള്‍ പരമാവധി സൈഡിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കും.
ദര്‍ശന ജംഗ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോസ്റ്റാന്റ് 20 മീറ്റര്‍ പുറകിലേക്ക് മാറ്റും. ഓട്ടോറിക്ഷകള്‍ പരമാവധി സൈഡിലേക്ക് ചേര്‍ത്തുനിര്‍ത്തണം.
കൊടിഞ്ഞി റോഡ് ജംഗ്ഷനിലും പഴയ ബസ്സ് സ്റ്റാന്റിന് മുന്നിലുമുള്ള ഓട്ടോസ്റ്റാന്റ് അവിടെ നിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് മാറ്റും. ഈ സ്ഥലത്ത് ഓട്ടോസ്റ്റാന്റ് ബോര്‍ഡ് സ്ഥാപിക്കും.
ചെമ്മാട് – പരപ്പനങ്ങാടി റോഡില്‍ കോഴിക്കോട് ജംഗ്ഷനില്‍ കുന്നുമ്മല്‍ കോംപ്ലക്‌സിന് മുന്നില്‍ നിന്നും തൃക്കുളം സ്‌കൂള്‍ വരെയും കൊടിഞ്ഞി റോഡ് ജംഗ്ഷന്‍ മുതല്‍ ദര്‍ശന ജംഗ്ഷന്‍ വരെയും താത്ക്കാലിക ഡിവൈഡറുകള്‍ വൈകാതെ സ്ഥാപിക്കും,
പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുമ്പോള്‍ പത്തൂര്‍ ഹോസ്പിറ്റലിന് മുന്നിലും തൃക്കളം സ്‌കൂളിന് മുന്നിലുമുള്ള രണ്ട് ബസ് സ്റ്റോപ്പുകള്‍ മാറ്റും. കിസാന്‍ കേന്ദ്രത്തിനു മുന്നിലായി പുതിയ ബസ് സ്റ്റോപ്പ് സ്ഥാപിക്കും. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
പാരലല്‍ സര്‍വ്വീസ് നടത്തുന്ന ട്രെക്കര്‍ വാഹനങ്ങള്‍ പരപ്പനങ്ങാടി റോഡില്‍ തൃക്കുളം സ്‌കൂളിന് പടിഞ്ഞാറുഭാഗത്തേക്ക് മാറ്റും.
നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള എല്ലാവാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടിയുണ്ടാകും.
ചെമ്മാട് ടൗണില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ചെമ്മാട് ടൗണിലെ പഴയ ബസ്സ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും  പുറത്തേക്ക് പോകുന്നതിനും = ഇന്‍. ഔട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കും.
താജ്, ഐശ്വര്യ ഓഡിറ്റോറിയങ്ങളിലും യാറ സൂപ്പര്‍മാര്‍ക്കറ്റിലും വരുന്ന ആളുകളുടെ വാഹനങ്ങള്‍ അതാത് സ്ഥാപനങ്ങളില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നതിനും ഈ സ്ഥാപനങ്ങളില്‍ തിരക്കുള്ള ദിവസങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ജീവനക്കാരെ നിയമിക്കുന്നതിനും സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കും.
കോഴിക്കോട് റോഡ് ജംഗ്ഷനിലും കൊടിഞ്ഞി റോഡ് ജംഗ്ഷനിലും തിരക്കുള്ള സമയങ്ങളില്‍ ഹോം ഗാര്‍ഡിനെയോ പോലീസിനെയോ നിയമിക്കും.

ചെമ്മാട് ടൗണില്‍ നിലവിലുള്ള പേ പാര്‍ക്കിങ്ങുകളിലെ ഫീസുകള്‍ ഏകീകരിക്കുന്നതിനായി പേ പാര്‍ക്കിംഗ് ഉടമകളുടെ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *