NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജ ആര്‍.സി നിര്‍മ്മാണം: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ മൂന്ന് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.

തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഓഫീസിലെ ജീവനക്കാരായ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പ്രശോഭ്, എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി മറിയാമു, തിരൂരങ്ങാടി സ്വദേശി നജീബ് എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ ജോയിന്റ് ആര്‍.ടി.ഒ ഉള്‍പ്പെടെ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം ജോയിന്റ് ആര്‍.ടി.ഓ സി.പി സക്കരിയ്യ ലീവില്‍ പ്രവേശിച്ചു. അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ ലീവിലാണ് പ്രവേശിച്ചിട്ടുള്ളത്. പകരം തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ സാജു ബക്കറിനാണ് ചുമതല.
വ്യാജ ആര്‍.സിക്കെതിരെ ഒരു വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നതറിഞ്ഞ് ജൂണ്‍ 24-ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ പൊലീസ് കേസെടുക്കാതിരിക്കാനും ഓഫീസിലെ ജീവനക്കാരെയും തന്നെയും സംരക്ഷിക്കുന്നതിന് ചര്‍ച്ചയിലൂടെ പരാതിക്കാരെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നീരുന്നു. അതിനിടെയാണ് ജൂലൈ-2 ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധ സമരവുമായി രംഗത്തെത്തുന്നത്. ഇതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങളും വ്യാജ ആര്‍.സി ബുക്കുകളും പിടിച്ചെടുത്തിരുന്നു.
വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉടമയും പെരുവള്ളൂര്‍ കരുവാന്‍കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരാണ് പൊലീസ് പിടികൂടീയിരുന്നത്.
നിസാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ചോദ്യം ചെയ്ത് വരുന്നത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *