വിശ്വശാന്തി ഫൗണ്ടേഷന്‍ വക മൂന്ന് കോടി, മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കും; വയനാടിനായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍


വയനാടിനായി മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മൂന്ന് കോടി രൂപയുടെ പുനരുദ്ധാരണം നടപ്പിലാക്കുക. കൂടാതെ മുണ്ടക്കൈ സ്‌കൂള്‍ എല്‍.പി സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.
വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിനന്ദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇന്നലെ 25 ലക്ഷം രൂപ മോഹന്‍ലാല്‍ നല്‍കിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.
മോഹന്‍ലാലിന്റെ വാക്കുകള്‍:
വാര്‍ത്തകളിലൂടെയാണ് ദുരന്തത്തെ കുറിച്ച് ആദ്യം അറിയുന്നത്. വളരെ സങ്കടകരമായ കാര്യമാണ്. അവിടെ പോയി കണ്ട് കഴിഞ്ഞാല്‍ മാത്രമേ അതിന്റെ വ്യാപ്തി മനസിലാകുള്ളു. ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് അവരെ സഹായിക്കുന്നു എന്നത് വലിയ കാര്യമാണ്. അതില്‍ എടുത്തു പറയാവുന്നതാണ് ഇന്ത്യന്‍ ആര്‍മി, നേവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ടിആര്‍ഫ്, പൊലീസ്, ഹോസ്പിറ്റല്‍, ഡോക്ടേഴ്‌സ്, സന്നദ്ധസംഘടനകള്‍, ലോക്കല്‍ ആളുകള്‍, ഒരു കല്ല് എടുത്ത് മാറ്റി വയ്ക്കുന്ന ഒരു കുട്ടി പോലും ഇതിന്റെ ഭാഗമായി മാറുന്നു.
ഞാനും കൂടി ഉള്‍പ്പെടുന്ന 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ആയിരുന്നു ഇവിടെ ആദ്യം എത്തിയത്. അവര്‍ 40 പേര്‍ വളരെയധികം ശ്രമങ്ങള്‍ നടത്തി ഒരുപാട് പേരെ രക്ഷിക്കാന്‍ സാധിച്ചു. കഴിഞ്ഞ 16 വര്‍ഷമായിട്ട് ഞാന്‍ ആ ബറ്റാലിയനിലാണ് ഉള്ളത്. അവര്‍ക്ക് മാത്രമല്ല, ഇവിടെ വന്ന പല യൂണിറ്റുകളുമുണ്ട്. അവര്‍ക്കൊക്കെ നന്ദി പറയാനും നമസ്‌കരിക്കാനുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായിട്ടും നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇതിനെതിരെ ശക്തമായിട്ട് നീങ്ങണം.
ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനായി നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കണം. ഈ ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ വലിയ അത്ഭുതമാണ്. ബ്രിഡ്ജ് ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും മുകളിലേക്കോ താഴേക്കോ പോകാന്‍ പറ്റില്ലായിരുന്നു. ഈശ്വരന്റെ സഹായം കൂടി ഇതിന് പുറകിലുണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. നമുക്ക് പ്രതീക്ഷിക്കാം അവരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കട്ടെ എന്ന്.
വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ഇപ്പോള്‍ മൂന്ന് കോടി രൂപ കൊടുക്കുകയാണ്. അത് കഴിഞ്ഞിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം വീണ്ടും പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വീണ്ടും പണം കൊടുക്കുന്നതാണ്. മൂന്ന് കോടി രൂപയാണ് പുനരുദ്ധാരണ പദ്ധതി ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്.