NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹജ്ജ് 2024: ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി; അവസാന സംഘവും തിരിച്ചെത്തി 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ (തിങ്കൾ) തിരിച്ചെത്തി.  ജൂലൈ ഒന്ന് മുതൽ 22 വരെ തിയതികളിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ വഴി 89 വിമാനങ്ങളിലായാണ് തീർഥാടകർ മടങ്ങിയെത്തിയത്.

ഇന്ന് (തിങ്കൾ) കരിപ്പൂരിൽ ഉച്ചയ്ക്ക് 12.50ന് ഇറങ്ങിയ കേരളത്തിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും, ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, ഉമർ ഫൈസി മുക്കം,  പി.പി. മുഹമ്മദ് റാഫി, അക്ബർ പി.ടി., കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസഫ് പടനിലം, അസി. സെക്രട്ടറി എൻ. മുഹമ്മദലി,  അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ്, മാനുഹാജി തുടങ്ങിയവരും മറ്റു ഹജ്ജ് സെൽ അംഗങ്ങളും വളണ്ടിയർമാരും സന്നിഹിതരായിരുന്നു.
മെയ് 21 നാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ  ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. ആദ്യവിമാനം  കോഴിക്കോട് എയർപോർട്ടിൽ നിന്നായിരുന്നു.  കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിലും കണ്ണൂരിലും സൗദി അറേബ്യൻ എയർലൈൻസായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.
കൊച്ചിയിൽ നിന്നുമുള്ള ആദ്യ സർവ്വീസ്  മെയ് 26നും,  കണ്ണൂരിൽ നിന്നുമുള്ള സർവ്വീസ് ജൂൺ ഒന്നിനുമായിരുന്നു. കോഴിക്കോട് നിന്നും 64 സർവ്വീസും കൊച്ചിയിൽ നിന്നും 16 സർവ്വീസും കണ്ണൂരിൽ നിന്നും ഒൻപത് സർവ്വീസുമാണ് നടത്തിയത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18,200 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടത്. ഇതിൽ 17,920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. 90 ഖാദിമുൽ ഹുജ്ജാജുമാരാണ് തീർത്ഥാടകരുടെ സേവനത്തിനായി ഹാജിമാരെ അനുഗമിച്ചത്.

ഹാജിമാരുടെ മടക്ക യാത്ര

മദീനയിൽ നിന്നായിരുന്നു ഹാജിമാരുടെ മടക്ക യാത്ര.
കോഴിക്കോട് 10,515, കൊച്ചി 4477, കണ്ണൂർ 3208  എന്നിങ്ങനെയായിരുന്നു മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിൽ  നിന്നുമായി ഹാജിമാർ യാത്ര പുറപ്പെട്ടത്.
ഹജ്ജിന് പുറപ്പെട്ടവരിൽ 26 പേർ സൗദിയിൽ വെച്ച് മരണപ്പെട്ടിരുന്നു.

കേരളത്തിൽ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയായ KLR-6465-2-0 MUHAMMED MANNIL KADAVATH, THIRUTHIYAD, VAZHAYUR PO, MALAPPURAM Dt. എന്ന ഹാജിയെ ജൂൺ 15 മുതൽ കാണാതായിരുന്നു. ഇദ്ദേഹത്തെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മക്കയിലും മറ്റു സ്ഥലങ്ങളിലും ഖാദിമുൽ ഹുജ്ജാജുമാരും മറ്റു സന്നദ്ധ സംഘടനകകളും പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇത് സംബന്ധിച്ച് ഔദ്യോഗികമായി സംസ്ഥാന ഹജ്ജ് വകുപ്പു മന്ത്രി ഇന്ത്യൻ ഹജ്ജ് മിഷനുമായും എംബസിയുമായും ബന്ധപ്പെടുകയും ഹാജിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിന്നും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *