പരപ്പനങ്ങാടി – കടലുണ്ടി റോഡ് പ്രവൃത്തിയും, ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമാണവും ഉടൻ ആരംഭിക്കും
1 min read

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമ്മാണവും, പരപ്പനങ്ങാടി മുതൽ കടലുണ്ടിനഗരം പാലം വരെയുള്ള തിരൂർ കടലുണ്ടി റോഡ് നവീകരണവും ഉടൻ ആരംഭിക്കുമെന്ന് കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു.
റോഡിൽ അറ്റകുറ്റപ്പണി ആവശ്യമുള്ള ഭാഗങ്ങളിൽ റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് പ്ലാൻ ഫണ്ടിൽ അടിയന്തിര സാഹചര്യമുള്ള പ്രവർത്തികളുടെ ഇനത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
എന്നാൽ സാമ്പത്തിക ബാധ്യത കാരണം തുടർ നടപടികൾ വൈകി. ഇതോടെ ഭരണാനുമതിക്ക് ശേഷമുള്ള സാങ്കേതിക അനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ച് പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരന് സൈറ്റ് കൈമാറുന്നതും വൈകി. തിരൂരങ്ങാടി വള്ളിക്കുന്ന് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നിരന്തരം വകുപ്പ് മന്ത്രിയെയും, ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടതിനാലാണ് പ്രവൃത്തി ആരംഭിക്കുന്നതിനു തീരുമാനമായത്.
റോഡിന്റെ തകർന്ന ഭാഗങ്ങളിൽ പൂർണ്ണമായും റബ്ബറൈസ് ചെയ്‌തു നവീകരിക്കുന്ന രൂപത്തിലാണ് പ്രവൃത്തിയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. ശക്തമായ മഴ കാരണം കുഴികളയിൽ വെള്ളമുള്ളതിനാൽ ആദ്യം പാച്ച് ചെയ്ത്, മഴക്ക് ശമനം വരുന്ന മുറക്ക് റബ്ബറൈസ് ചെയ്യുമെന്നും അടിയന്തിരമായി പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, കരാറുകാരനും കെ.പി.എ മജീദ് കർശന നിർദ്ദേശം നൽകി.
ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമാണം
പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം ജൂലൈ അവസാനമോ, ഓഗസ്റ്റ് ആദ്യവാരമോ ആരംഭിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പാലം നിർമാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്രവൃത്തിയുടെ നിർമാണം ആരംഭിക്കാതെ സർക്കാർ വൈകിപ്പിച്ചു.
അന്ന് 19.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ നിർമ്മാണം വൈകിയതിനാൽ പൊതുമരാമത്ത് പ്രവൃത്തികളുടെ തുകയിൽ വർദ്ധന വന്നു. ജി.എസ്.ടി നിരക്ക് 12 ശതമാനം ഉണ്ടായിരുന്നത് 18 ശതമാനമായി വർദ്ധിച്ചു. ഇതോടെ എസ്റ്റിമേറ്റ് നിരക്ക് 19.22 കോടിയിൽ നിന്നും 25.45 കോടി രൂപയായി ഉയർന്നു.
നേരത്തെ ഉണ്ടായിരുന്ന ഭരണാനുമതിക്ക് പകരം തുക 25.45 കോടി രൂപയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള പുതുക്കിയ ഭരണാനുമതിയും, ഇതിനു കിഫ്‌ബിയുടെ അനുമതിയും ലഭ്യമാക്കേണ്ടി വന്നു.
പുതുക്കിയ ഭരണാനുമതി ലഭിച്ചപ്പോൾ ഈ മേൽപ്പാലം കെ-റെയിൽ നിർമാണത്തിന്റെ പരിധിയിൽ വരുന്നതിനാൽ കെ-റയിൽ അലൈൻമെന്റ് തീരുമാനമായാൽ മാത്രമേ ഈ പാലം നിർമാണത്തിന്റെ തുടർ നടപടികൾ സ്വീകരിക്കാവൂ എന്നും ഉത്തരവിറക്കി. ഇതോടെ വീണ്ടും വൈകുകയായിരുന്നു.
ഇപ്പോൾ ഈ നിർമാണത്തിന്റെ സാങ്കേതിക അനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റെൻഡറിന്റെ ഭാഗമായ ഫിനാഷ്യൽ ബിഡ്, ടെക്നിക്കൽ ബിഡ് എന്നിവയും പൂർത്തീകരിച്ചു. ഈ പ്രവർത്തിയുടെ ട്രഷറി ഡെപ്പോസിറ്റ് തുകയായ 2.87 കോടി രൂപ കരാർ ഏറ്റെടുത്ത തമിഴ് നാട് ആസ്ഥാനമായ കമ്പനി അടച്ചിട്ടുണ്ട്.
ഒരാഴ്‌ചത്തെ മൊബിലൈസേഷൻ കഴിയുന്നത്തോടെ അടുത്ത ആഴ്ച്ച പ്രവൃത്തിയുടെ എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കെ.പി.എ മജീദ് എം.എൽ.എ ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.