NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രോഗികളെ ചികിത്സിക്കാത്തത് ചോദ്യം ചെയ്തു; പരപ്പനങ്ങാടിയിൽ ഡോക്ടരുടെ പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു, ക്രൂര നടപടിയെന്ന് എസ്.ഡി.പി.ഐ

യാസർ അറഫാത്ത്

പരപ്പനങ്ങാടി : രോഗികളെ ചികിത്സിക്കാത്തത് ചോദ്യം ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകനെ ഡോക്ടരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്.
നെടുവ സി.എച്ച്.സി.യിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് ഡോക്ടർ കൊടുത്ത പരാതിയിലാണ്  അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
രോഗികൾ തിങ്ങിനിറഞ്ഞിട്ടും ഡോക്ടർ പരിശോധനക്കെത്താത്തതാണ് ഇയാൾ ചോദ്യം ചെയ്യാനിടയാക്കിത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് യാസർ അറഫാത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. എന്നാൽ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം നൽകി. യാസർ അറഫാത്തിന് വേണ്ടി അഡ്വ.പി.പി.ഹാരിഫ് ഹാജരായി.
കേസെടുത്തത് ക്രൂര നടപടി : എസ്.ഡി.പി.ഐ
പരപ്പനങ്ങാടി : സർക്കാർ ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാതെ മുങ്ങുന്ന ഡോക്ടരുടെ നടപടിയെ ചോദ്യം ചെയ്തതിന് ഡോക്ടരുടെ  പരാതിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത് ക്രൂര നടപടിയെന്ന് എസ്.ഡി.പി.ഐ. മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു.
മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധി രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഞായാറാഴ്ചകളിൽ രോഗികൾ തിങ്ങി നിറഞ്ഞിട്ടും സമയത്തിന് മുൻപ് ആശുപത്രിയിൽ നിന്ന് മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി പരപ്പനങ്ങാടി പോലീസ്  കേസെടുത്തത്.
പരിശോധിക്കാൻ സൗകര്യമില്ലന്ന ധിക്കാരമാണ് ഡോക്ടർ സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അതിന് തെളിവാണെന്നും ജനവികാരം മാനിക്കാതെ ഉദ്യോഗസ്ഥരുടെ തൃപ്തിക്കായി പൊതുപ്രവത്തകനെതിരെ പരപ്പനങ്ങാടി പോലീസും ഡോക്ടറും സ്വീകരിച്ചത് ജനദ്രോഹമാണെന്നും എസ്.ഡി.പി.ഐ. പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് കെ. സിദ്ധീഖ് പറഞ്ഞു.
അതേസമയം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യാസർ അറഫാത്തിന് കോടതി ജാമ്യം അനുവദിച്ചു. മാരകരോഗങ്ങളടക്കം പടരുന്ന സാഹചര്യത്തിൽ നിസംഗത പുലർത്തുന്ന ആരോഗ്യ പ്രവർത്തകരുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച  വൈകീട്ട് ഏഴിന് ചെട്ടിപ്പടിയിൽ യാസർ അറഫാത്തിന് ബഹുജന സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *