അബ്ദുറഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിമോചനം ഉടൻ സാധ്യമാകും.


റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിൻ്റെ മോചനം ഉടൻ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
മാപ്പു നൽകിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും. റിയാദ് ജയിലിൽ കഴിയുന്ന റഹീം അധികം വൈകാതെ ജയിൽ മോചിതനാക്കും. തുടർന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും.
റഹീമിന് മാപ്പു നൽകാമെന്ന് കുടുംബം റിയാദ് കോടതിയിൽ എത്തി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്റെ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് മാറ്റിവെച്ചത്.
അബ്ദുറഹീമിൻ്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യൻ റിയാൽ കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥൻ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവർ റിയാദ് ഗവർണറേറ്റിലെത്തിയാണ് റിയാദ് ക്രമിനൽ കോടതി ചീഫ് ജസ്‌റ്റിസിൻ്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവർണറേറ്റിലെത്തിയിരുന്നു.