വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ വെള്ളം ഇരച്ചെത്തി; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം


മുബൈ: പൂനെയിലെ ലോണാവാലയിലുണ്ടായ വെള്ളച്ചാട്ടത്തില്‍ മരണപ്പെട്ടത് വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം വിനോദയാത്ര പോയ കുടുംബത്തിലെ അംഗങ്ങള്‍. ലോണാവാല ഭൂഷി അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി എത്തിയ വെള്ളമാണ് ഒരു കുടുംബത്തെ ഒഴുക്കിക്കളഞ്ഞത്. അഞ്ച് പേരാണ് മരിച്ചത്. ഞായറാഴ്ച 12.30ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.
പൂനെയിലെ ഹഡപ്‌സർ ഏരിയയിലെ സയ്യദ് നഗറില്‍ നിന്നുള്ള അന്‍സാരി കുടുംബമാണ് അപകടത്തില്‍പെട്ടത്.
മുംബൈയില്‍ നിന്ന് 96 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഭൂഷി അണക്കെട്ട്. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ സഹായത്തിന് വേണ്ടി കുട്ടികളടക്കമുള്ളവർ നിലവിളിക്കുന്നതും പിന്നീട് ഒഴുകിപ്പോകുന്ന വീഡിയോയുമാണ് പുറത്തുവന്നത്. അവിടെയുള്ളവര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം കണ്ടുനിന്നവര്‍ക്കും സഹായിക്കാന്‍ പറ്റാത്ത അവസ്ഥായാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിന്റെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആയിരക്കണക്കിന് സന്ദർശകർ ഭൂഷി, പാവന അണക്കെട്ട് മേഖലകളില്‍ എത്തുന്നതെന്നും വിമർശനമുണ്ട്. അപകടം നടന്ന ഞായറാഴ്ച മാത്രം 50,000ത്തിലധികം ആളുകള്‍ ലോണാവാല സന്ദർശിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന പ്രദേശവും ഭൂഷി അണക്കെട്ടിൻ്റെ പരിസരവും ഇന്ത്യൻ റെയില്‍വേയുടെയും വനം വകുപ്പിൻ്റെയും അധികാരപരിധിയില്‍ വരുന്നതാണ്. ഇവിടങ്ങളില്‍ മുങ്ങിമരണങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ അടിയന്തര ശ്രദ്ധ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 മുതല്‍ നാല് മുങ്ങിമരണങ്ങളാണ് ഇവിടെ സംഭവിച്ചത്.