പരപ്പനങ്ങാടിയിൽ ആയുധങ്ങളുമായെത്തിയ ക്വട്ടേഷൻ സംഘത്തിലെ രക്ഷപ്പെട്ട അഞ്ചാമനും പിടിയിലായി


പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ അഞ്ചാമനും പോലീസിൻ്റെ പിടിയിലായി.
നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ. യും സംഘവും പിടികൂടിയത്. എറണാകുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
സായന്ദിനെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി എസ്.ഐ ആർ. യു. അരുണിന് കാലിന് പരിക്കേറ്റു.
കഴിഞ്ഞ മാസമാണ് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട വ്യക്തിയെ തിരഞ്ഞ് അഞ്ചംഗ സംഘം
വാഹനത്തിലെത്തിയതായിരുന്നു.
നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ മൂന്ന് പേർ രക്ഷപ്പെട്ടു. കിട്ടിയ രണ്ടുപേരെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രക്ഷപെട്ട രണ്ടുപേരെ ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. സംഘത്തിലെ അഞ്ചാമനാണ് പിടിയിലായ സായന്ദ്.
എസ് ഐ ക്ക് പുറമെ സി.പി.ഒ.മാരായ മുജീബ് റഹ്മാൻ, സുധീഷ്, ബിജോയ്, എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.