NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ചീർപ്പിങ്ങലിൽ സയൻസ് പാർക്ക് നിർമാണം അടിയന്തിരമായി പൂർത്തീകരിക്കും ; മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി:  നഗരസഭയിലെ ചീർപ്പിങ്ങൽ സയൻസ് പാർക്ക് നിർമാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു.

 

നിർദ്ദിഷ്ട സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

പദ്ധതിയുടെ കെട്ടിടനിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്.

 

ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. പദ്ധതിക്ക് മൂന്ന് ഏക്കർ ഭൂമി ജലവിഭവ വകുപ്പിൽ നിന്നും ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്.

 

പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പൂർത്തീകരണത്തിന് പണം അനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ച് തുറന്നു നൽകിയില്ലെങ്കിൽ നിലവിൽ പൂർത്തീകരിച്ച കെട്ടിടം കൂടി ഉപയോഗ ശൂന്യമാകുന്ന അവസ്ഥയുണ്ടാകും. തുടർപ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

 

എന്നാൽ യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പിലാക്കുകയോ, നിർമ്മാണത്തിന് താല്പര്യം കാണിക്കുകയോ ചെയ്യാത്തതിനാൽ രണ്ട് വർഷങ്ങളിലും വകയിരുത്തിയ തുക ഉപയോഗിക്കാൻ കഴിയാതെ നഷ്ട്ടപ്പെട്ടു. ചുറ്റുമതിലും, ഗേറ്റും നിർമാണം ആരംഭിച്ചിട്ടില്ല.

 

നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലെ ഡോമിൽ ഗാലറി സജ്ജീകരിക്കണം. പ്ലാനറ്റേറിയം മെഷിനറികൾ സ്ഥാപിക്കണം.വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

 

ചുറ്റുമതിലിന്റെ ബാക്കി ഭാഗവും, പോപ്പുലർ ഗാലറിയും പൂർത്തീകരിക്കുമെന്ന് കെ.പി.എ മജീദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ഡോ.ആർ ബിന്ദു നിയമസഭക്ക് ഉറപ്പ് നൽകി.

 

Leave a Reply

Your email address will not be published.