NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം ; പ്രതിരോധം കടുപ്പിച്ച് ആരോഗ്യ വിഭാഗം. മണ്ഡലത്തിൽ നോഡൽ ഓഫീസറെ നിയമിക്കും

1 min read
വള്ളിക്കുന്ന്: വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് പ്രതിരോധം ഊർജിതമാക്കാൻ തീരുമാനം. ചൊവ്വാഴ്ച വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിൽ പ്രതിരോധ പ്രവർത്തനം ഏകോപപ്പിക്കുന്നതിന് സ്വതന്ത്ര ചുമതലയുള്ള നോഡൽ ഓഫീസറെ നിയമിക്കാനും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രോഗമേഖലയിൽ വൈകീട്ട് വരെ  ലാബ് പ്രവർത്തനം നടത്താനും തീരുമാനിച്ചു. ലാബിലേക്കാവശ്യമായ ജീവനക്കാരെ  താത്കാലികമായി അനുവദിക്കാനും ജില്ലാ മെഡിക്കൽ ഓഫീസറോട് എം.എൽ.എ നിർദേശിച്ചു.
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപവത്കരിച്ചു.
ഗ്രാമപഞ്ചായത്തുകൾ തലത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് യോഗത്തിൽ അറിയിച്ചു.
എന്നാൽ, പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മണ്ഡലത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് പുറമെ ചേലേമ്പ്ര, മൂന്നിയൂർ, തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതോടെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ആർ രേണുകയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും ആയുർവേദ, ഹോമിയോ, യൂനാനി മെഡിക്കൽ ഓഫീസർമാർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, വേങ്ങര ഉപജില്ല വിദ്യഭ്യാസ ഓഫീസർമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് വിഭാഗം, സ്കൂൾ മേധാവികൾ, സി.ഡി.പി.ഒ, ഐസിഡിഎസ് ഓഫീസർ, അംഗനവാടി ടീച്ചർമാർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനിയർ, ജലനിധി പ്രോഗ്രാം ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നത്.
ചേളാരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം കാണപ്പെട്ടത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.വിജിത്ത്, (തേഞ്ഞിപ്പലം) ടി.പി സെമീറ( ചേലേമ്പ്ര) എൻ. എം. സുഹറാബി (മൂന്നിയൂർ) ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സെറീന ഹസീബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മഞ്ഞപ്പിത്തം വള്ളിക്കുന്ന് മണ്ഡലത്തിൽ  
ആകെ -278
ആശുപത്രിയിൽ ചികിത്സയിലുള്ളവർ -14
വള്ളിക്കുന്ന് : 168
ചേലേമ്പ്ര – 19
മൂന്നിയൂർ – 80
തേഞ്ഞിപ്പലം : 11
മഞ്ഞപ്പിത്തം : ജാഗ്രതവേണം 
വള്ളിക്കുന്ന് : വള്ളിക്കുന്നിൽ നിരവധിപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക നിർദ്ദേശിച്ചു. ജലജന്യരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. മലിനമായ ജലസ്രോതസുകൾ,  മലിനവെള്ളം ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും രോഗം വരാം. സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതും ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധ വേണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!