NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ സിപിഎം നേതാവ്; രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ബാര്‍ കോഴ വിവാദത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിവാദത്തില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവായ സിപിഎം നേതാവാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്കെതിരെ രാഷ്ട്രീയ ആക്രമണം നടന്നാല്‍ ആ പേര് വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തന്റെ മകനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിപിഎം ആവശ്യമില്ലാതെ ചെളി വാരിയെറിയുകയാണ്. അനിമോന്റെ സഹോദരിയെ വിവാഹം കഴിച്ചത് ആരാണെന്ന് അന്വേഷിച്ചാല്‍ മനസിലാകും. അനിമോനുമായി ബന്ധമുള്ളതാരാണെന്ന് സിപിഎം പറയണം. തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് ഇതൊന്നും അറിയില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബാര്‍ കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നടപടി.

തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്ന് അര്‍ജുന്‍ അറിയിച്ചു.

 

ക്രൈംബ്രാഞ്ചിന് ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായിരുന്നു. ഒരു പൗരന്‍ എന്ന നിലയില്‍ താന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. അവര്‍ തൃപ്തിയോടെയാണ് മടങ്ങിയതെന്ന് കരുതുന്നു. താന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ ഇല്ല. ഭാര്യ പിതാവിന്റെ ഫോണ്‍ താനല്ല ഉപയോഗിക്കുന്നതെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ജുന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ അംഗമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അര്‍ജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് കാട്ടി അര്‍ജുന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ അര്‍ജുന്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല.

 

താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെന്നും തന്റെ പേരില്‍ ബാറുകളില്ലെന്നുമായിരുന്നു അര്‍ജുന്റെ വാദം.ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് വീട്ടിലെത്തി അര്‍ജുന്റെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *