NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാന്തപുരത്തിന്റെ ആത്മകഥ “വിശ്വാസപൂർവം’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശി തരൂര്‍ എം പിക്ക് നല്‍കി പ്രകാശനം ചെയ്തു.

യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. മതത്തെ സമുദ്ധാരണത്തിനും സംഹാരത്തിനും ഉപയോഗിക്കാമെന്നിരിക്കെ മതത്തെ സമൂഹത്തിന്റെ സമുദ്ധാരണത്തിന് ഉപയോഗിക്കാനാണ് കാന്തപുരം ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആത്മകഥ ‘വിശ്വാസ പൂര്‍വം’ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി വികസനത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ വികസനത്തിന് പ്രാമുഖ്യം നല്‍കണമെന്നാണ് കാന്തപുരത്തിന്റെ ജീവിതകഥ പറഞ്ഞുവെക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ദോഷം അനുഭവിക്കുന്ന കാലമാണ്.

കേരളത്തിന് യോജിക്കാനും വിയോജിക്കാനും കഴിയുന്നൊരു മണ്ഡലമുണ്ട്. അത് തകര്‍ക്കുന്ന സാഹചര്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് കാന്തപുരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംരംഭം മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റാണ് പ്രസാധകര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീഡ് പ്രസ്സാണ് പുസ്തകത്തിന്റെ വിതരണം ചെയ്യുന്നത്.

പ്രകാശന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.

 

മന്ത്രി പി രാജീവ്, മുന്‍കേന്ദ്ര മന്ത്രി വി മുരളീധരന്‍, പി വി അന്‍വര്‍ എം എല്‍ എ, വ്യവസായ പ്രമുഖരായ ഡോ. സിദ്ദീഖ് അഹ്‌മദ്, ടി എന്‍ എം ജവാദ്, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, അഹ്‌മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ്, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹകീം നഹ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം സംബന്ധിച്ചു. നൂറുദ്ദീന്‍ മുസ്തഫ സ്വാഗതവും സിദ്ദീഖ് സഖാഫി നേമം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *