പരപ്പനങ്ങാടിയിൽ പി.പി.ഷാഹുൽ ഹമീദ് നഗരസഭാ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മുസ്ലിം ലീഗിലെ പി.പി.ഷാഹുൽ ഹമീദ് നഗരസഭാ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചെയർമാനായിരുന്ന മുസ്ലിം ലീഗിലെ എ. ഉസ്മാൻ പാർട്ടി നിർദ്ദേശ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന മുസ്ലിം ലീഗിലെ പി.പി.ഷാഹുൽ ഹമീദിന് പുറമെ എൽ.ഡി.എഫിലെ ടി. കാർത്തികേയനാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിന്റെ 29 അംഗങ്ങളുടെ വോട്ടും നേടി പി.പി.ഷാഹുൽ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിൻറെ 13 വോട്ടും ടി. കാർത്തികേയന് ലഭിച്ചിട്ടുണ്ട്.
അതേസമയം ബി.ജെ.പി.മൂന്ന് കൗൺസിലർമാരുടെ വോട്ടും അസാധുവായി. റിട്ടേർണിംഗ് ഓഫീസർ ജില്ലാ ടൗൺ പ്ലാനർ ഡോ. ആർ. പ്രദീപ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.ആർ. അബ്ദുൽ റസാക്കാണ് ഷാഹുൽ ഹമീദിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പി.വി. മുസ്തഫ പിന്തുണച്ചു.
എൽ.ഡി.എഫിൽ നിന്നും ടി. കാർത്തികേയനെ കെ.സി. നാസർ നിർദ്ദേശിച്ചു. ഷമേജ് പിന്തുണച്ചു.
പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് ചെയർമാൻ എ. ഉസ്മാൻ രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. ഉസ്മാനെ മാറ്റിയതിൽ അതൃപ്തരായ ഭരണസമിതിയിലെ ചില ലീഗ് കൗൺസിലർമാരും ഷാഹുൽ ഹമീദ് പക്ഷക്കാരും തമ്മിൽ രണ്ടുചേരിയായിരുന്നു. പിന്നീട് കൗൺസിലർമാരുടെ യോഗത്തിൽ അസംതൃപ്തരായ 12 പേര് വിട്ടുനിന്നിരുന്നു. പാർട്ടി നൽകിയ വിപ്പ് പലരും കൈറ്റിയിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൗൺസിലർമാരെ നേതൃത്വം അനുനയിപ്പിച്ചത്.