വാഹനത്തിന് തീ പിടിക്കുന്നത് മുൻകൂട്ടി അറിയാം; യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്.
തിരൂരങ്ങാടി : വാഹനത്തിന് തീ പിടിക്കുന്നത് മുൻകൂട്ടി അറിയിക്കുന്ന യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും യാത്രക്കാർക്ക് പൊള്ളലേൽക്കുന്നതും മരിക്കുന്നതുമായ ദാരുണ സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീപിടിത്തം മുൻകൂട്ടി അറിഞ്ഞ് യാത്രക്കാരെയും വാഹനത്തെയും രക്ഷിക്കുന്ന പുതിയ കണ്ടുപിടിത്തവുമായി യുവാവിന്റെ രംഗപ്രവേശം. മൂന്നിയൂർ കുന്നത്ത് പറമ്പ് പി.പി. മുഹമ്മദ് അഫ്നാസ് (25) ആണ് ഇത്തരമൊരു സംവിധാനം കണ്ടുപിടിച്ചത്.
ബിഫയർസേഫ്റ്റി സിസ്റ്റം എന്ന പേരിലാണ് ന്യൂതന ഇലക്ട്രോണിക് യന്തം അറിയപ്പെടുന്നത്. വാഹനത്തിന് തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അലാരം മുഴങ്ങും. ഉടനെ തന്നെ വാഹനത്തിന്റെ വാതിലുകളുടെ ലോക്ക് തുറക്കും. പവർ പിൻതാഴും. ഇതേ സമയം തന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷൻ, അഗ്നിശമന വിഭാഗം എന്നിവയിലേക്ക് ലൊക്കേഷൻ സഹിതം അറിയിച്ചുകൊണ്ടുളള സന്ദേശമെത്തും. കൂടാതെ ആർ.സി. ഓണറുടെ ഫോണിലേക്ക് കാൾ എത്തും. തുടർന്ന് ഒരു മിനുട്ടിനകം വാഹനം ഓഫാകും. സർക്യൂട്ട് ബ്രെെക്ക് ആകും തുടങ്ങി 13 സംവിധാനങ്ങളാണിതിലുളളത്.
വാഹനത്തിന്റെ ഡാഷിലാണ് ഇത് സംവിധാനിക്കുക. വലിയ വാഹനങ്ങൾ മുതൽ ഇരുചക്രവാഹനങ്ങളിൽ വരേ ഇത് സ്ഥാപിക്കാനാകുമെന്നും ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു യന്ത്രം കണ്ടുപിടിക്കുന്നതെന്ന് അഫ്നാസ് പറയുന്നത്. ആറായിരം രൂപയാണ് ചിലവ് വരുന്ന ഈ സംവിധാനം വിപണിയിൽ ഇറക്കാനാണ് ഉദ്ദേശം.
കുന്നത്ത് പറമ്പ് പുത്തൻപീടിയേക്കൽ അലിയുടെയും സാബിറയുടെയും മകനായ ഈ യുവാവ് വളവന്നൂർ ബാഫഖി യതീം-ഖാന ഐ ടി ഐനിന്നാണ് പഠനം പൂർത്തിയാക്കിയത്.
