കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി എം.ഡി.എം.എ.യുമായി എക്സൈസ് പിടിയിൽ


പരപ്പനങ്ങാടി : കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് നടപടികൾക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി എം.ഡി.എം.എ.യുമായി എക്സൈസ് പിടിയിലായി.
പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ മുഹമ്മദ് വാഹിദിനെ(29)യാണ് 15 ഗ്രാം എം.ഡി.എം.എ.യുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 22 ന് കാറിൽ കടത്തുകയായിരുന്ന 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സർക്കിൾ ഓഫീസിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം പള്ളിക്കൽ ഭാഗങ്ങളിൽ ഇയാൾക്ക് വേണ്ടി നടത്തിയ ഊർജിത അന്വേഷണത്തിനിടെയാണ് എം.ഡി.എം.എ.യുമായി ഇയാൾ വീണ്ടും പിടിയിലാകുന്നത്.
പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ് പ്രവൻ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, രജീഷ് സിവിൽ, എക്സൈസ് ഓഫീസർ ശിഹാബുദ്ധീൻ, വനിതാ സിവിൽ ഓഫീസർ സിന്ധു പട്ടേരിവീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.