NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് പ്രതിസന്ധി; സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു, കേന്ദ്രത്തിന് നോട്ടീസ്

കോവിഡ് വ്യാപനം മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

കോവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്നു വിതരണം, വാക്‌സിന്‍ നയം എന്നിവയിലാണ് സുപ്രീംകോടതി കേസെടുത്തത്. കേസില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

ഇക്കാര്യത്തില്‍ വിവിധ കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നിര്‍ദേശിച്ചു. വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആറു ഹൈക്കോടതികളില്‍ കേസ് നടക്കുന്നുണ്ട്.

ഓക്‌സിജന്‍ വിതരണം, അവശ്യ സര്‍വീസ് മരുന്നു വിതരണ, വാക്‌സിനേഷന്‍ നയം എന്നിവയ്ക്കു പുറമേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരവും കോടതി പരിശോധിക്കും.

മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റിയേക്കും എന്ന സൂചന ചീഫ് ജസ്റ്റിസ് നൽകി. വിരമിക്കുന്നതിനു മുമ്പുള്ള ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അവസാന പ്രവൃത്തി ദിവസം ആണ് നാളെ.

Leave a Reply

Your email address will not be published. Required fields are marked *