പരപ്പനങ്ങാടിയിൽ മാരകായുധങ്ങളുമായി ഗുണ്ടാസംഘമെത്തിയ സംഭവം ; രണ്ടുപേരെ റിമാൻഡ് ചെയ്തു


പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ്(30) കിഴക്കേവളപ്പില്‍ ഹിമസാഗര്‍(30) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ആലുങ്ങല്‍ ബീച്ചില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് രണ്ടുകാറുകളിലായി എത്തിയ അഞ്ചംഗ ഗുണ്ടാസംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശിയായ ശുഹൈബ് എന്നയുവാവും മറ്റൊരാളും ചേർന്ന് കിലോ കണക്കിന് സ്വർണ്ണം കൊണ്ടുവന്നിരുന്നു.
ഇവർക്ക് സ്വർണം ഏൽപ്പിച്ച കൊടുവള്ളി ലോബിക്ക് സ്വർണം കിട്ടാതായതോടെ തിരിച്ചെടുക്കാൻ ഇവർ കൊച്ചിയിലെ വൈപ്പിൻ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണം തട്ടിയയാളെ അന്വേഷിച്ചെത്തിയ ഗുണ്ടാംസംഘം നാട്ടുകാർക്ക് നേരെ തോക്കു ചൂണ്ടിയതോടെ നാട്ടുകാരും സംഘാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.
ഇതോടെ സംഘത്തിലെ മൂന്ന് പേര്‍ ഒരുകാറുമായി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ബാക്കി രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് സംഘം ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരെയും ഞായറാഴ്ച രാത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കാറിൽ രക്ഷപ്പെട്ട മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരം ലഭിച്ചതായും പിടിയിലായവർ എറണാകുളം വൈപ്പിൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടകളാണെന്നും പോലീസ് പറഞ്ഞു. പല ക്രിമിനൽ കേസുകളിലും ഇവർ പ്രതികളാണ്.