കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക


മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി നാലുവര്‍ഷത്തിനിടെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയത് 17.65 കോടി രൂപ
ഈ കാലയളവില്‍ ഹരിതകര്‍മസേന 24,292 ടണ്‍ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും 2265 ടണ്‍ ഇ മാലിന്യവും ശേഖരിച്ചു. 901.44 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിച്ച് ഷ്രഡ് ചെയ്യുകയും (തരികളാക്കി) ഇത് പൊതുമരാമത്ത്, തദ്ദേശവകുപ്പുകളുടെ റോഡ് പ്രവൃത്തികള്‍ക്കായി നല്‍കുകയും ചെയ്തു.
ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് 5,680.14 കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് ഇതുവരെ ടാര്‍ ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷംമാത്രം ഹരിതകര്‍മസേന വഴി 12,448 ടണ്‍ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഈ കാലയളവില്‍ ഹരിതകര്‍മസേനയ്ക്ക് 9.79 കോടി രൂപ ക്ലീന്‍ കേരള കമ്പനി നല്‍കി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണം 56 ശതമാനം വര്‍ധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍ ലക്ഷ്യം കാണുന്നതിന് തെളിവാണിത്.
ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന വേര്‍തിരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനി തദ്ദേശസ്ഥാപനങ്ങളിലെ എംസിഎഫുകളില്‍നിന്ന് ശേഖരിച്ച്, സംസ്‌കരിച്ച് വില്‍ക്കുന്നു. വരുമാനം മുപ്പത്തയ്യായിരത്തോളം വരുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുന്നു.
നിലവില്‍ 720 തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യമാണ് കമ്പനി ശേഖരിക്കുന്നത്. പത്തനംതിട്ട കുന്നന്താനത്ത് റീസൈക്ലിങ് പ്ലാന്റും ഉദ്ഘാടനത്തിനൊരുങ്ങി. പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ പെല്ലെറ്റുകള്‍ നിര്‍മിക്കുന്നതാണ് സ്ഥാപനം.