ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്…


കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.
വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ പിവി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് പുറമേ ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.
അതേസമയം, യു.ഡി.എഫില്‍ നിന്നും പി.വി അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കെത്തുമെന്ന് തന്നെയാണ് അവസാന ഘട്ടത്തിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റാരുടെയും പേര് സാധ്യതപ്പട്ടികയില്‍ ഉയര്‍ന്നിട്ടില്ല. അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30 നാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.