കേന്ദ്ര അവഗണനയ്ക്കെതിരേ ഇന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധം; കര്‍ണാടകയുടെ സമരപന്തലില്‍ കേരളം; ഡിഎംകെ പിന്തുണയ്ക്കും


കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ജന്തര്‍ മന്തറിലെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കര്‍ണാടകയിലെ നേതാക്കള്‍ പ്രതിഷേധിച്ച അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും, എംപിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കും.
കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുവാദത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഉണ്ടായ കുറവ് 57,400 കോടി രൂപയാണ്. റവന്യു കമ്മി ഗ്രാന്റില്‍ 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതുമൂലമുള്ള കുറവ് 12,000 കോടിയാണ്. നികുതിവിഹിതം 3.58 ശതമാനത്തില്‍നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടിയും.
പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്ഷന് കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരില്‍ വായ്പാനുമതിയില്‍ 19,000 കോടിയില്‍പ്പരം രൂപ വെട്ടിക്കുറച്ചു. 2022-23ല്‍ ജിഎസ്ഡിപിയുടെ 2.5 ശതമാനമാണ് കടമെടുക്കാന്‍ അനുവദിച്ചത്. ഈ വര്‍ഷം അതിലും കുറയും.
അര്‍ഹതപ്പെട്ട വായ്പ എടുക്കാന്‍ അനുവദിക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, ഒരു ശതമാനം അധിക കടം അനുവദിക്കണമെന്നതും പരിഗണിക്കപ്പെടുന്നില്ല. കേരളത്തെ തകര്‍ക്കാനായുള്ള മനപ്പൂര്‍വ ഇടപെടലായേ ഇതിനെ കാണാനാകൂ.