NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാതാ വികസനം; സമസ്തയുടെ ബഹുനില കെട്ടിടം നാമാവശേഷമാവും; ചേലേമ്പ്ര ഇടിമുഴിക്കൽ അങ്ങാടിയും ഓർമയിലേക്ക്…

 

ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേലേമ്പ്ര ഇടിമുഴിക്കൽ അങ്ങാടിയിലെ കടകൾ ജൂണോടെ പൊളിക്കും. ഒഴിയണമെന്ന് കെട്ടിട ഉടമകളിൽ പലർക്കും നോട്ടിസ് ലഭിച്ചു. നൂറിലേറെ സ്ഥാപനങ്ങൾ ഇടിമുഴിക്കലും പരസരത്തുമായി പൊളിക്കും. നോട്ടിസ് ലഭിച്ചതനുസരിച്ച് ഒഴിയണമെന്ന് സ്ഥാപന ഉടമകളിൽ പലർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇടിമുഴിക്കൽ ഭാഗത്തെ ഏതാനും വീട്ടുകാർ വാടക വീടുകളിലേക്ക് മാറി. ശേഷിക്കുന്ന പത്തോളം വീട്ടുകാർ ഉടൻ മാറും. താഴെ ചേളാരിയിലും മേലെ ചേളാരിയിലുമായുള്ള 220 സ്ഥാപനങ്ങളിൽ 150ൽ ഏറെ കച്ചവട സ്ഥാപനങ്ങൾ പൊളിക്കും. ഒരു മാസം മുതൽ 2 മാസം വരെയാണ് സാവകാശം നൽകിയത്.

 

ചേളാരിയിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കേന്ദ്ര കാര്യാലയമായ ബഹുനില കെട്ടിടവും ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ വ്യാപാര സമുച്ചയവും സമസ്തയുടെ പഴയ കെട്ടിടവും ഒഴിയാ‍ൻ നോട്ടിസ് നൽകിയിട്ടുണ്ട്. സ്പിന്നിങ്‌മിൽ അങ്ങാടി, ചെട്ട്യാർമാട്, യൂണിവേഴ്സിറ്റി, പാണമ്പ്ര തുടങ്ങിയ അങ്ങാടികളിലും സ്ഥാപനങ്ങൾ പൊളിക്കും. ചേലേമ്പ്രയിലും തേഞ്ഞിപ്പലത്തും തപാൽ ഓഫിസുകൾ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളും പൊളിക്കാനുള്ളതാണ്. തേഞ്ഞിപ്പലം വില്ലേജ് ഓഫിസും പൊളിക്കും. തൽക്കാലം വാടക കെട്ടിടത്തിലേക്ക് മാറ്റും. പിന്നീട് പാണമ്പ്ര വളവിൽ എൻഎച്ച് പുറമ്പോക്കിൽ കെട്ടിടം നിർമിച്ച് അതിലേക്ക് മാറും.

കോഹിനൂർ‌ അങ്ങാടിയെ ബാധിക്കില്ല. കോഹിനൂരിൽ നിലവിലുള്ള എൻഎച്ചിൽ നിന്ന് മാറി പടിഞ്ഞാറ് വശത്താണ് പുതിയ റോഡ് സ്ഥാപിക്കുന്നത്. അതേസമയം, കടകൾ ഒഴിയാൻ സാവകാശം വേണമെന്നും കൂടുതൽ നഷ്ട പരിഹാരം അനുവദിക്കണമെന്നും കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചേളാരി യൂണിറ്റ് കമ്മിറ്റി ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ‌ക്കും പി. അബ്ദുൽ ഹമീദ് എംഎൽഎക്കും നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, ഭൂമിയും മറ്റ് വസ്തു വകകളും ഒഴിയുന്ന മുറയ്ക്കേ സ്ഥല ഉടമകൾക്ക് ആനുകൂല്യം നൽകൂ. നിശ്ചിത ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഉടമകൾക്ക് നൽകിയ നോട്ടിസിലുണ്ട്. തന്മൂലം കച്ചവടക്കാർ എത്രയും വേഗം ഒഴിയണമെന്ന നിലയ്ക്ക് ചില ഭൂവുമടകൾ സമ്മർ‌ദം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *