വള്ളിക്കുന്നിൽ ഫാസ്റ്റ് ഫുഡ് കടയുടെ പൂട്ട് തകർത്തു 62,000 രൂപ മോഷ്ടിച്ചയാൾ പിടിയിൽ


പരപ്പനങ്ങാടി: വള്ളിക്കുന്ന്
ആനങ്ങാടി ജംഗ്ഷനിലെ അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ് കടയുടെ പൂട്ട് തകർത്തു 62000 രൂപ കവർന്ന പ്രതിയെ പോലീസ് പിടികൂടി.
താനൂർ പുത്തൻതെരുവിലെ മൂർക്കാടൻ പ്രദീപി(45) നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
ജനുവരി 21 ന് പുലർച്ചെയാണ് കടയിൽ മോഷണം നടന്നത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽനിന്ന് കണ്ടെടുത്ത മോട്ടോർ സൈക്കിൾ കോഴിക്കോട് നിന്ന് മോഷണം ചെയ്തതാണെന്നും കണ്ടെത്തി.
താനൂർ, തിരൂർ, വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണത്തിന് കേസുകൾ നിലവിലുണ്ട്.
താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെയും പരപ്പനങ്ങാടി എസ്.ഐ അരുണിന്റെയും നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ഇയാളെ പിടികൂടിയത്. താനൂർ പൂരപ്പറമ്പ് ഉത്സവം നടക്കുമ്പോൾ പ്രദേശത്തു വീടുകളിലും കടകളിലും മോഷണം നടത്താൻ ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകുന്നത്.