NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍’; ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തില്‍ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരസ്യ പ്രസ്താവന നടത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. വനിതാ അവകാശ പ്രവര്‍ത്തക വി.പി സുഹറ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.

മതസ്പർധ സൃഷ്ടിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 295 എ, 298 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തില്‍ ദിവസങ്ങൾക്കു മുൻപ് പരാതി നൽകിയെങ്കിലും ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ ‘തട്ടം’ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിലാണ് ഉമർ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ, തട്ടമിടാത്ത സ്ത്രീകളെ അപമാനിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.പി. സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് പരാതി നൽകി.

ഇസ്‌ലാം മതത്തെയും മുസ്‌ലിം വിശ്വാസികളെയും മുസ്‌ലിം സ്ത്രീകളെയും അവഹേളിക്കുന്ന പരാമർശമാണ് ഉമർ ഫൈസി നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

 

ഉമര്‍ ഫൈസി മുക്കത്തിന്‍റെ പ്രസ്താവനക്കെതിരെ നല്ലളം ഗവ. ഹൈസ്കൂളിൽ നടന്ന കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയില്‍ വി.പി.സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

 

ഇതേ തുടർന്ന് വേദിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഇവർക്കെതിരെ പ്രതിഷേധിക്കുകയും വിമർശിക്കുകയും ചെയ്തു.

ഇതോടെ കുടുംബശ്രീ അംഗങ്ങളും സുഹറയ്ക്കെതിരെ പ്രതിഷേധിച്ചതോടെ പരിപാടിയിൽനിന്ന് അവർക്കു പിൻമാറേണ്ടി വന്നു.

തുടർന്ന് പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദിനെതിരെ വി.പി സുഹറ നല്ലളം പോലീസിൽ പരാതി നൽകുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *