കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സ് ഇന്നത്തെ പരിപാടികൾ റദ്ദാക്കി


തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ്സ് മാറ്റിവെച്ചു. സംസ്‌കാര ചടങ്ങുകൾക്കു ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ച്ച നവകേരള സദസ്സ് നടക്കും. നാളെ രാവിലെ നിശ്ചയിച്ചിരുന്ന പെരുമ്പാവൂരിലെ സദസ് ഉച്ചയ്ക്ക് രണ്ടിന് നടക്കും.
കാനം രാജേന്ദ്രന്റെ മൃതദേഹം രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വ്യോമ മാർഗം എത്തിക്കും . പട്ടത്തെ സിപിഐ ഓഫിസായ പി എസ് സ്‌മാരകത്തിലാണ് പൊതുദർശനം. രണ്ട് മണിക്ക് വിലാപയാത്രയായി മൃതദഹം കോട്ടയത്തേക്ക് കൊണ്ടുപോകും.വാഴൂരിലെ വീട്ടുവളപ്പിൽ നാളെയാണ് സംസ്‌കാരം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. വൈകിട്ട് 5.30 ഓടെ മരണം സ്ഥിരീകരിച്ചു.