പരപ്പനങ്ങാടി ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ


പരപ്പനങ്ങാടി : ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി സ്വദേശി പൂവിക്കുറവന്റെ പുരക്കൽ സക്കരിയ്യ (40) യാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെയാണ് ഇയാൾ മർദ്ദിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് യുവാവ് തടഞ്ഞു ഗതാഗതക്കുരുക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ യുവാവ് ഹെൽമറ്റ് കൊണ്ട് ഹോംഗാർഡിന്റെ മൂക്കിനിടിക്കുകയായിരുന്നു.
നിയമലംഘനങ്ങൾ ഹോംഗാർഡ് കാമറയിൽ പകർത്തിയത്തിന്റെ വിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ ശിവദാസനെ അതുവഴി വന്ന പോലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ ഗേറ്റ് അടക്കുന്ന സമയമായതിനാൽ ജംങ്‌ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്.
ഇത് നിയന്ത്രിക്കാൻ സദാസമയവും ജംഗ്ഷനിൽ ഹോംഗാർഡിനെ ഡ്യുട്ടിക്ക് വെക്കാറുണ്ട്. ഗതാഗത നിയന്ത്രണത്തിന് നിൽക്കുന്ന ഹോംഗാർഡ് ഇരുചക്രവാഹനങ്ങളുൾപ്പെടെ നിയമലംഘനങ്ങൾ കാമറയിൽ പകർത്തി അയക്കുന്നത് പതിവാണ്. ഇതിനെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു