കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; പിടിയിലായത് ദമ്പതികളും മകനും


കൊല്ലം ഓയൂരില്‍ നിന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. മൂവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പിടിയിലായത് ഭാര്യയും ഭര്‍ത്താവും മകനുമാണെന്നാണ് വിവരം.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. പിടിയിലായ മൂവരും ചാത്തന്നൂര്‍ സ്വദേശികളാണ്. കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് തെങ്കാശി പുളിയറയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
പുളിയറയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടാതെ രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം പൊലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീണ്ടും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. കുട്ടിയുടെ അച്ഛനോടും മറ്റും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പൊലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറെയും കസ്റ്റഡയില്‍ എടുത്തിരുന്നു. കല്ലുവാതുക്കലില്‍ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്നാണ് ഡ്രൈവറുടെ മൊഴി. പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവര്‍ പറയുന്നു.