NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവർ, രാത്രിയില്‍ താമസിപ്പിച്ച വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതി, ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീ എന്നിവരുടെരേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

 

ആറു വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു കുട്ടി  വ്യാഴാഴ്ച വൈകിട്ട് ആശുപത്രി വിട്ടു. പോലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ പിതാവ്. നഗരത്തിലെ ഫ്ലാറ്റിലാണു അദ്ദേഹം താമസിച്ചിരുന്നത്. ഫ്ലാറ്റിൽനിന്ന് അദ്ദേഹത്തിന്‍റെ ഒരു ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പോലീസ് വിശദീകരിക്കുന്നത്. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ പത്തനംതിട്ട ജില്ല പ്രസിഡൻറാണു കുട്ടിയുടെ പിതാവ്.
തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു കുട്ടി പറഞ്ഞിരുന്നു. ഒരു സ്ത്രീയുടെയും പുരുഷൻറെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും തട്ടിക്കൊണ്ടുപോകൽ നടന്നിട്ട് നാലുദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല.
പോലീസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!