ചികിത്സ സൗജന്യമാക്കിയ സർക്കാർ നടപടി; പരപ്പനങ്ങാടിയിലെത്തിയ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ജുവൽ റോഷൻ നന്ദി പറഞ്ഞു.


പരപ്പനങ്ങാടി : സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യമാക്കിയ സർക്കാർ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാൻ ജുവൽ റോഷൻ മാതാപിതാക്കൾക്കൊപ്പം പരപ്പനങ്ങാടിയിലെത്തി.
ജനിതക ഘടനയിലെ തകരാറു മൂലം ജൻമനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ എസ്.എം.എ. രോഗികളായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ ആശ്വാസം നൽകുന്ന നടപടിയാണ് നവകേരള സദസ്സിലെ ചർച്ചകൾക്കിടയിൽ സർക്കാർ കൈകൊണ്ട ഈ തീരുമാനം.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് അപൂർവ്വ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ചികിത്സ ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനം നടപ്പിലാക്കുന്നത്. റിസ്ഡിപ്ലാം എന്ന കമ്പനിയുടെ മരുന്ന് അനുകമ്പ പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ് ജുവൽ റോഷൻ.
മരുന്നിലൂടെ ആരോഗ്യത്തിൽ നല്ല പുരോഗതി നേടിയ കുട്ടി തന്നെപോലുള്ള മറ്റുള്ളവർക്കും സർക്കാർ സഹായത്തിൽ മരുന്ന് ലഭിക്കുമ്പോൾ ഉണ്ടാകുന്ന പുരോഗതിയും, അത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റവും പ്രതീക്ഷിച്ച് സംതൃപ്തനാണ്. മന്ത്രിമാരായ വീണാ ജോർജ്, എൻ. ബാലഗോപാൽ തുടങ്ങിയവരെയും നേരിൽ കണ്ടു.
ഡോക്ടർമാരായ സേതുനാഥ്, റസീന ദമ്പതികളുടെ മകനാണ് ജുവൽ റോഷൻ. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെത്തിയപ്പോൾ നവകേരള സദസ്സ് തിരൂരങ്ങാടി മണ്ഡലം ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ വീട്ടിൽ വെച്ചായിരുന്നു റോഷന് കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്.