ചെമ്മാട് വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ


തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ കെട്ടുങ്ങല്‍ സ്വദേശിയും ഒഴൂരില്‍ താമസക്കാരനുമായ കുട്ടിയമ്മക്കാനകത്ത് ഷാജഹാനെ (58)യാണ് അറസ്റ്റ് ചെയ്തത്.
13ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാലകൃഷ്ണന്റെ സഹോദരിയുടെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. ബാഗിൽ സൂക്ഷിച്ചതായിരുന്നു. മേശക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ബാഗ് അടക്കാൻ മറന്ന ജനലിലൂടെ കൈയിട്ട് കവരുകയായിരുന്നു.
ബാഗ് മുറ്റത്ത് വെച്ച് തുറന്നു പരിശോധിച്ച ശേഷം സ്വർണവും പണവും എടുത്ത് ബാക്കിയുള്ളവ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു.
കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.