NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

 

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

 

1950-ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുൻസിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു.

 

1974-ല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയില്‍ നിയമിതയായി. മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു.

1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഈവര്‍ഷം കേരള സര്‍ക്കാര്‍ ‘കേരള പ്രഭ’ പുരസ്കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ക്കാണ് ഫാത്തിമ ബീവിക്ക് ‘കേരളപ്രഭ’ പുരസ്കാരം സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *