NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ എം.എസ്.എഫ്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു

പരപ്പനങ്ങാടി : നവകേരള സദസ്സിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതിനെതിരെ എം.എസ്.എഫ്. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അടക്കമുള്ള പ്രവർത്തകരാണ് ഉപരോധിക്കാനെത്തിയത്.
പരപ്പനങ്ങാടിയിലെ ഓഫീസില്‍ തിരൂരങ്ങാടി ഡി.ഇ.ഒ. വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിൽ ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം നവകേരള സദസ്സിന് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദ്ദേശം നൽകിയിരുന്നു. താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം നൽകിയത്.
വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നും തനിക്ക് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം. ഇതേതുടർന്നാണ് ഡി.ഇ.ഒ. ഓഫീസിലേക്ക് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി. ഏറെനേരം പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് ഓഫീസിന് പുറത്താക്കി. പ്രതിഷേധസമയത്ത് ഡി.ഇ.ഒ. സ്ഥലത്തുണ്ടായിരുന്നില്ല.
നവകേരള സദസ്സിന് ആളെക്കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്നാണ് എം.എസ്.എഫ്.നേതാക്കൾ ആവശ്യപ്പെട്ടത്. ഏറെനേരത്തെ  പ്രതിഷേധത്തിനൊടുവിൽ രക്ഷിതാക്കളുടെ സമ്മതം കൂടാതെയും ക്ലാസ് മുടക്കിയും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
സംഭവത്തിൽ പി.കെ.നവാസ്  ഉൾപ്പെടെ പത്തുപേർക്കെതിരെ പോലീസ് കേസ്സെടുത്തു. എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കളായ ശരീഫ് വടക്കയിൽ, അഷർ പെരുമുക്ക്, പി.എ. ജവാദ്, യു.എ. റസാഖ്, അർഷദ് ചെട്ടിപ്പടി, സലാഹുദ്ധീൻ തെന്നല, പി.കെ. അസ്ഹറുദ്ധീൻ, പി.കെ. റബീഹ്, അമീറലി ചെട്ടിപ്പടി, പി. അലിഅക്ബർ, കെ.പി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *