NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളാബാങ്ക് ഭരണ സമിതിയംഗത്വം ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലം, എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ല, യു ഡി എഫില്‍ പ്രതിസന്ധി

മുസ്ലിം ലീഗിന്റെ കേരളാ ബാങ്ക് ഭരണസമിതി അംഗത്വം യു ഡി എഫില്‍ വലിയ പൊട്ടത്തെറിക്ക് കാരണമാകുന്നു. കോണ്‍ഗ്രസും യു ഡി എഫും എക്കാലവും അതിശക്തമായി എതിര്‍ത്ത നടപടിയാണ് കേരളാ ബാങ്കിന്റെ രൂപവല്‍ക്കരണം.

 

നിയമസഭക്കകത്തും പുറത്തും കേരളാ ബാങ്കിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസും യു.ഡി.എഫും അഴിച്ചുവിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ച് മുസ്ലിം ലീഗ് എം.എല്‍.എ കേരളാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വരുമ്പോള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയമായി ഏല്‍ക്കുന്നത് വലിയ തിരിച്ചടിയാണ്.

 

കേരളാ ബാങ്കിന്റെ കാര്യത്തില്‍ നേരത്തെ യു ഡി എഫ് എടുത്ത നിലപാടില്‍ ഇതേ വരെ മാറ്റം വരുത്തിയിട്ടില്ല. ഇപ്പോഴും തത്വത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും കേരളാ ബാങ്ക് എന്ന സങ്കല്‍പ്പത്തിന് എതിരാണ്.

എന്നാല്‍ യു.ഡി.എഫിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിനെ കയ്യൊഴിഞ്ഞുകൊണ്ടാണ് മുസ്ലിംലീഗ് പ്രതിനിധി ബാങ്കിന്റെ ഭരണ സമിതിയിലേക്ക് വരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ ഇക്കാര്യത്തില്‍ ലീഗിനെ തള്ളിപ്പറയാനും കഴിയുന്നില്ല. ലീഗിന്റെ ആഭ്യന്തരാകാര്യമാണിതെന്ന് പറഞ്ഞ് തലയൂരുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ വി.ഡി സതീശനാകട്ടെ ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടുമില്ല.

യു.ഡി.എഫിലെ ഘടക കക്ഷികളായ സി.എം.പിയും ആര്‍.എസ്.പിയും ഇക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ യുഡിഎഫെന്നാല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമാണ്. മുന്നണി മാറ്റത്തിനുള്ള പാലമായിട്ടാണ് കേരളാ ബാങ്കിന്റെ ഡയറക്ട് ബോര്‍ഡ് അംഗത്വം മുസ്ലിം ലീഗ് കാണുന്നതെന്ന സൂചനയുണ്ട്. അങ്ങിനെയാണെങ്കില്‍ കോണ്‍ഗ്രസിന് ശക്തമായി പ്രതികരിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ അതിനുള്ള ധൈര്യം ആ പാര്‍ട്ടിയിലെ നേതാക്കളാരും കാണിക്കുന്നില്ല.

മുസ്ലിം ലീഗിനുള്ളില്‍ ഈ തിരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ടെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുടെ തിരുമാനിത്തിനെതിരെ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ക്കും അവിടെ കഴിയുന്നില്ല. കേരളാ ബാങ്കിന്റെ ഡയറക്ട് ബോര്‍ഡില്‍ എത്തിയ ലീഗ് പ്രതിനിധി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറം ജില്ലയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ‘പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ്’ എന്ന പോസ്റ്റുറുകളും ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊന്നും ലീഗില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല.

 

എന്നാല്‍ കേരളാ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗത്വം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചാല്‍ മുസ്‌ളീം ലീഗ് വെട്ടിലാകും. അംഗത്വം ഉപേക്ഷിക്കുന്ന കാര്യം ലീഗിന് ചിന്തിക്കാനേ പറ്റില്ല. കാരണം പാണക്കാട് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്‍ ആലോചിച്ച് എടുത്ത തിരുമാനമാണത്. അതില്‍ നിന്ന് അത്ര പെട്ടെന്ന് പിന്നോക്കം പോകുന്ന നിലപാട് ലീഗിന് ആലോചിക്കാന്‍ കഴിയില്ല. ഇതാണ് കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *