NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവകേരള സദസ്: മന്ത്രിമാർക്ക് സഞ്ചരിക്കാൻ ബസ് വാങ്ങാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചു;

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്‍റെ നിർമാണം ബെംഗളൂരുവിൽ നടന്നുവരികയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.

ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ അനുമതി ആവശ്യമാണ്. ഇത് മറികടക്കാനാണ് ട്രഷി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്.

ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്‍റെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്. ഈ ബസ് നിർമിക്കുന്നതിന് പണം ആവശ്യപ്പെട്ട് സെപ്റ്റംബർ 25നാണ് സ്വിഫ്റ്റിന്‍റെ പേരിൽ കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ ധനവകുപ്പിന് കത്ത് നൽകിയത്. ഇത് പരിഗണിച്ച ഒക്ടോബർ എട്ടിന് ഫയലിൽ അനുകൂല തീരുമാനം രേഖപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് നവംബർ പത്തിന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.

 

അടുത്തിടെ കെ സ്വിഫ്റ്റ് പുറത്തിറക്കിയ ഹൈബ്രിഡ് സ്ലീപ്പർ ബസ് ആണ് കൂടുതൽ സംവിധാനങ്ങളോടെ നവകേരളസദസിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി ഉപയോഗിക്കുക. എയർകണ്ടീഷൻ ചെയ്ത ബസിൽ ഇരുപതിലേറെ പേർക്ക് കിടന്ന് യാത്ര ചെയ്യാനും സംവിധാനം ഉണ്ടാകും.

 

അതേസമയം നവംബർ 18 മുതൽ ആരംഭിക്കുന്ന നവകേരള സദസിന് മുന്നോടിയായി ഇന്ന് രാവിലെ 9 മണിക്ക് ഓൺലൈനായി മന്ത്രിസഭാ യോഗം ചേരും. സദസിന്‍റെ ചുമതലയുള്ള മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നത് കൊണ്ടാണ് മന്ത്രിസഭാ യോഗം ഓൺലാനായി ചേരുന്നത്. മന്ത്രിസഭായോഗത്തിൽ നവകേരള സദസിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തും. നവകേരള സദസ് നടക്കുന്നതിനാൽ ഇനിയുള്ള അഞ്ച് മന്ത്രിസഭാ യോഗങ്ങൾ വിവിധ ജില്ലകളിൽ ആകും നടക്കുക. നവംബർ 22ന് തലശേരി, 28ന് വള്ളിക്കുന്ന്, ഡിസംബർ ആറിന് തൃശൂർ, 12ന് പീരുമേട്, 20ന് കൊല്ലം എന്നിവിടങ്ങളിലാകും മന്ത്രിസഭായോഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *