പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ പരക്കെ മോഷണം ; സ്വർണാഭരണങ്ങളും പണവും കവർന്നു.

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട് ഇളക്കി അകത്തുകയറി ഓരോ പവൻ വരുന്ന രണ്ടു സ്വർണ്ണവളകളും 500 രൂപയും കവർന്നു.
കിടക്കാൻ നേരം അഴിച്ചുവെച്ച വളകളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചെ ഒരുമണിക്ക് ശേഷമാണ് മോഷണം നടന്നത്. രാവിലെ വള കാണാതായതോടെ പരിശോധിച്ചപ്പോഴാണ് ഓട് ഇളക്കിയത് ശ്രദ്ധയിൽപെട്ടത്. സമീപത്തെ അടച്ചിട്ട ശാന്തയുടെ വീട്ടിൽ ലൈറ്റ് കത്തുന്നത് കണ്ടതോടെയാണ് അവിടെയും മോഷ്ടാവ് അകത്തുകടന്നതായി അറിയുന്നത്. വീടിന്റെ വെന്റിലേറ്റർ വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയത്. അലമാരികൾ കുത്തിതുറന്നു വാരിവലിച്ചിട്ട നിലയിലാണ്.
ഇവർ മകളുടെ കൂടെ ചെന്നൈയിലാണ്. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മേത്തലപ്പറമ്പത്ത് കുഞ്ഞിമരക്കാറിന്റെ ഉടമസ്ഥതയിലുള്ള പാരഡൈസ് കൂൾബാറിന്റെ ഷട്ടർപൂട്ട് പൊളിച്ചു അകത്തു കയറിയെങ്കിലും പണം കിട്ടിയില്ല. കടയിലെ സി.സി.ടി.വി കാമറയുടെ ഡി.വി.ആർ. കവർന്നു. ഹരിപുരം വിഷ്ണുക്ഷേത്ര പരിസരത്തുള്ള പാലക്കത്തൊടി ചന്ദ്രികയുടെ വീട്ടിൽ മോഷണത്തിന് ശ്രമം നടത്തി.
ഇത് സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന്ചെരുപ്പ് കൊണ്ടുപോയി.കീഴ്ച്ചിറ കാട്ടിക്കൊലൊത് പ്രതീപ്, പരേതനായ പുത്തൻവീട്ടിൽ രാജന്റെ ആൾ താമസമില്ലാത്ത വീട്ടിലും മോഷണത്തിന് ശ്രമം നടത്തി. പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എത്തി തെളിവ് ശേഖരിച്ചു.