വീട്ടിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; ഭീതിയിലായ കുടുംബം താമസം മാറി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വീട്ടിലെ വസ്ത്രങ്ങളും പേപ്പറുകളുമെല്ലാം തനിയെ കത്തുന്നുവെന്ന പരാതിയുമായി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസാധാരണ സംഭവം. ഇതേതുടർന്ന് കുടുംബം പഞ്ചായത്തിലും ആര്യനാട് പോലീസിലും പരാതി നൽകി. ഇവർ ബന്ധുവീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
15 ന് രാത്രി മുതലാണ് ആശങ്കപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാന്റിലും ഇട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് താനെ തീപിടിക്കുകയായിരുന്നു. ആദ്യം പുക വരികയും പിന്നീട് വസ്ത്രം കത്തുകയായിരുന്നുവെന്നും സത്യൻ പറയുന്നു. വീടിന് അകത്ത് മാത്രമാണത്രേ പ്രശ്നം. വീടിന് പുറത്ത് വസ്ത്രം കൊണ്ടിട്ടപ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്.
അസാധാരാണ സംഭവമായതോടെ ഉടൻ തന്നെ വീട്ടുകാർ പഞ്ചായത്ത് അംഗം അശോകനെ അറിയിച്ചു. അശോകൻ വീട്ടിലിരിക്കുമ്പോഴും വസ്ത്രങ്ങൾ കത്തി. ഇതിനിടയിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള പ്രശ്നം ഉണ്ടോയെന്നറിയാൻ ഇലക്ട്രീഷ്യനേയും അറിയിച്ചു. എന്നാൽ പരിശോധനയിൽ വയറിംഗിനൊന്നും പ്രശ്നമില്ലെന്നാണ് ഇലക്ട്രീഷ്യൻ പറഞ്ഞത്. ഇതോടെ പോലീസിന് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
പരാതി നൽകിയ പിന്നാലെ പോലീസും പഞ്ചായത്ത് പ്രസിഡന്റ് വി വിജുമോഹനും വീട്ടിലെത്തിയെങ്കിലും ഈ സമയത്ത് യാതൊരു പ്രശ്നവും ഉണ്ടായില്ല. ചൊവ്വാഴ്ചയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും തീപിടിത്തമുണ്ടായി. അടുക്കളയിൽ ഉണ്ടായിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് ചാക്കുകൾക്കുമെല്ലാം തീപിടിച്ചത്രേ. സംഭവത്തെ തുടർന്ന് വീട്ടുകാർ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു. ഇതിനിടയിലും തീപിടുത്തം ഉണ്ടായതോടെ കുടുംബം ഭീതിയിലായി. ഇതോടെ സത്യനും ഭാര്യ ജെ സലീനയും മകനും ചെറുമക്കളും വീട്ടിൽ നിന്ന് മാറി ബന്ധുവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്.