പരപ്പനങ്ങാടിയിൽ പള്ളിവളപ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ


പരപ്പനങ്ങാടി: പള്ളി വളപ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മുണ്ടക്കുളം മുതുവല്ലൂർ ഷംസുദ്ദീൻ (41) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കൊടപ്പാളി സബീലുള്ള മസ്ജിദ് വളപ്പിൽ നിന്നും പള്ളിയിൽ നിസ്കരിക്കാൻ വന്ന ഇമ്പിച്ചിബാവ എന്നയാളുടെ സ്കൂട്ടർ മോഷ്ടിച്ച് ഒരുവർഷത്തോളമായി ഇയാൾ ഒളിച്ചുലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളയായ ബഷീർ, അലാവുദ്ദീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മോഷ്ടിച്ച സ്കൂട്ടർ ഇയാളെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഇതോടെയാണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെ പിടികൂടിയതിനുശേഷം പല സ്ഥലങ്ങളിലായി മുങ്ങി നടന്നിരുന്ന ഇയാൾ ഹൈക്കോടതിയിൽ വരെ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചില്ല.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുന്നതിന് നിർദ്ദേശിച്ചിട്ടും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയെന്ന വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം, കൊളത്തൂർ, കൽപകഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.