സംസ്ഥാനത്തെ ആദ്യ “ഗോ ദ ഡിസ്റ്റൻസ്” പിച്ച് കൊച്ചിയിൽ നിർമ്മിക്കും
1 min read

മുൻനിര ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സിൻ്റെ കേരളത്തിലെ ആദ്യ “ഗോ ദ ഡിസ്റ്റൻസ്” പിച്ച് കൊച്ചിയിൽ നിർമ്മിക്കും. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പോളോ ടയേഴ്സ് ഇതുവരെ 15 വ്യത്യസ്ത വേദികളിൽ പിച്ചുകൾ ഒരുക്കിയിട്ടുണ്ട്. അപ്പോളോ ടയേഴ്സിന്റെ സ്വന്തം ടയറുകൾ റീസൈക്കിൾ ചെയ്ത് ഉണ്ടാകുന്ന റബ്ബർ ഉപയോഗിച്ചാണ് ജിടിഡി പിച്ചുകൾ നിർമിക്കുന്നത്.
16-ാമത്തെ ജിടിഡി പിച്ചാണ് ഗാമാ ഫുട്‌ബോളിന്റെ പങ്കാളിത്തത്തോടെ കടവന്ത്രയിൽ സജ്ജീകരിക്കുന്നത്. ഈ പ്രഖ്യാപനത്തിൽ ഇന്ത്യൻ സീനിയർ ദേശീയ ടീമിലെ പ്രമുഖ അംഗമായ ആഷിഖ് കുരുണിയൻ, ഇന്ത്യൻ സീനിയർ ദേശീയ ടീമിലെ മുൻ അംഗം അനസ് എടത്തൊടിക എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ സ്‌പോർട്‌സ് മാർക്കറ്റിംഗ് മേധാവി റെമസ് ഡി ക്രൂസും ചടങ്ങിൽ പങ്കെടുത്തു. ഒരു മാസത്തിനകം കൊച്ചിയിലെ ജിടിഡി പിച്ച് തുറകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പരിസ്ഥിതി സൗഹൃദ പിച്ചുകൾ സ്ഥാപിക്കുക എന്നതാണ് അപ്പോളോ ടയേഴ്സിൻ്റെ ലക്ഷ്യം. ‘ഗോ ദ ഡിസ്റ്റൻസ്’ എന്ന പേരിട്ടിരിക്കുന്ന പിച്ചുകൾ നെതർലാൻഡിലെ ഗ്രീൻഫീൽഡിൽ നിർമ്മിക്കപ്പെട്ടവയാണ്. ഫുട്ബോൾ മത്സരങ്ങൾക്കും കമ്മ്യൂണിറ്റി ഇവന്റുകൾക്കും പിച്ച് ഉപയോഗിക്കും.ഈ സുസ്ഥിര സംരംഭം കായിക മേഖലയിലെ വികസനത്തിനു വലിയ പങ്കു വഹിക്കും എന്നതും ശ്രദ്ധേയമാണ്.
മാഞ്ചസ്റ്ററിലെ ഐതിഹാസികമായ ഓൾഡ് ട്രാഫോർഡിന്റെ നോർത്ത് സ്റ്റാൻഡിന് സമീപമാണ് അപ്പോളോ ടയേഴ്സിന്റെ ആദ്യത്തെ ജിടിഡി പിച്ച് തുറന്നത്. അങ്ങനെ സുരക്ഷിതവും മികച്ചതുമായ കായിക മൈതാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തിന് അടിത്തറയിട്ടു. പിന്നീട് യു കെ, തായ്‌ലൻഡ് എന്നിവിടങ്ങളിലും പിച്ചുകൾ സ്ഥാപിച്ചു. ഇന്ത്യൻ ദേശീയ വനിതാ ടീമിന്റെ ഗോൾകീപ്പർ അദിതി ചൗഹാൻ, ഇന്ത്യൻ ദേശീയ പുരുഷ ടീമിലെ മുൻ അംഗം റോബിൻ സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ അഹമ്മദാബാദിലാണ് അവസാനമായി അപ്പോളോ ടയേഴ്സ് ജിടിഡി പിച്ചുകൾ ആരംഭിച്ചത്.
ഗ്രാസ്റൂട്ട് ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഉതകുന്നതാണ് ജിടിഡി പിച്ചുകൾ. ഓരോ ഫുട്ബോൾ പിച്ചുകൾക്കും ഏകദേശം 1,500 കാർ ടയറുകൾ ഉപയോഗിക്കുന്നു. പിച്ചുകൾ പാളികളാക്കിയിരികുന്നത് ക്രംബ് റബ്ബറുകൾ ഉപയോഗിച്ചാണ്. അഞ്ച് കാർ ടയറുകൾ റീസൈക്കിൾ ചെയ്തു വേണം ഓരോ കിലോഗ്രാം ക്രംബ് റബ്ബർ ഉണ്ടാകാൻ. 160 അടി x 90 അടി ഫുട്ബോൾ പിച്ചിൽ ഏകദേശം 7,500 കിലോഗ്രാം ക്രംബ് റബ്ബർ ഉപയോഗിച്ചിട്ടുണ്ട്. ഇത് സുരക്ഷിതമായ ഗ്രൗണ്ട് സൃഷ്ടിക്കാൻ സഹായിക്കുന്നു.
1972-ൽ ആരംഭിച്ച അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിൻ്റെ ആദ്യത്തെ പ്ലാന്റ് തൃശൂർ പേരാമ്പ്രയിലാണ് കമ്മീഷൻ ചെയ്തത്. നിലവിൽ കമ്പനിക്ക് ഇന്ത്യയിൽ അഞ്ച് നിർമ്മാണ യൂണിറ്റുകളും നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ഉണ്ട്.