കഞ്ചാവും എംഡിഎംഎ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടികൂടി
1 min read

കഞ്ചാവും എംഡിഎംഎ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടികൂടി.
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതുമായി സ്ഥലങ്ങളിൽ യുവാക്കൾ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എംഡിഎംഎ എന്നിവയുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്‌തു.
കാലിക്കറ്റ് സർവ്വകലാശാല കാമ്പസിനകത്തെ വിദ്യാർഥികൾക്കിടയിൽ കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളായ LSD, MDMA പോലോത്ത സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിൻ മേൽ കഴിഞ്ഞ കുറച്ചു നാളുകളായി എക്സൈസ് ഈ ഭാഗങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പള്ളിക്കൽ ചെട്ടിയാർമാട് സ്വദേശികളായ അധികാരത്തിൽ തെക്കേവളപ്പിൽ മുഹമ്മദ് ജംഷീർ (22), മണ്ണത്താംകുഴി സുബിൻ (23) എന്നിവരെയാണ് മാരക മയക്കുമരുന്ന് സഹിതം എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വലയിലാക്കുന്നത്.
സർവ്വകലാശാല ക്യാമ്പസിനകത്ത് പുറത്തു നിന്ന് എത്തുന്ന ലഹരി മാഫിയകൾ ക്യാമ്പ് ചെയ്യാറുണ്ടെന്നും ക്യാമ്പസിനകത്തുള്ള സ്ഥലങ്ങളായ “ഹിൽ ടോപ്പ്, ബ്യൂട്ടി സ്പോട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ വെച്ച് രാത്രി കാലങ്ങളിൽ ലഹരി പാർടികൾ നടക്കാറുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടത്തുമെന്നും ഈ കാര്യങ്ങൾ സർവ്വകലാശാലയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, മുരളീധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.