അരിയല്ലൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിൽ ; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ


പരപ്പനങ്ങാടി: അരിയല്ലൂരിലുള്ള ഒരുവീട്ടിൽ നിന്നും ഹീറോ ഹോണ്ട ഗ്ലാമർ മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതികളായ തൃശ്നാപ്പിള്ളി അണ്ണാനഗർ കോളനിയിലെ അരുൺകുമാർ എന്ന നാഗരാജ് (33), കൂട്ടായി മംഗലം മാസ്റ്റർപടി കക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ മോഷണം ചെയ്തത് അരുൺകുമാർ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും ഈ വാഹനം കണ്ടെടുത്തു.
അരുൺ കുമാറിന് പെരുമ്പാവൂർ, അങ്കമാലി,ഇരിഞ്ഞാലക്കുട, താനൂർ, പഴയന്നൂർ, തിരൂർ, ഒല്ലൂർ, ഗുരുവായൂർ, തൃശ്ശൂർ ഈസ്റ്റ്, കാടാമ്പുഴ, മലപ്പുറം, പെരിന്തൽമണ്ണ, ആലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 30 മോഷണകേസുകളും, സഫ്‌വാന് തിരൂർ, താനൂർ,പന്തീരങ്കാവ്, കൊണ്ടോട്ടി, ഫറോക്ക്, കോഴിക്കോട് റെയിൽവേ എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകളും നിലവിലുള്ളതായി പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ്ഇൻസ്പെക്ടർ ആർ.യു. അരുൺ, അബൂബക്കർ കോയ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.