മലയാളിത്തിളക്കം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 4 x 400 റിലേയിൽ ഏഷ്യൻ റെക്കോർഡോടെ ഇന്ത്യ ഫൈനലിൽ
1 min read

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് സമയം കുറിച്ച് ഇന്ത്യ ഫൈനലിൽ. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ എന്നീ മലയാളി താരങ്ങളും രാജേഷ് രമേശും അടങ്ങുന്ന ടീമാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.
2 മിനിറ്റും 59.05 സെക്കന്റും സമയത്തിൽ ഓടിയെത്തിയാണ് ഇന്ത്യ റെക്കോഡ് ഭേദിച്ചത്. 2:58.47 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയാണ് ഹീറ്റ്സിൽ ഒന്നാമതെത്തിയത്. ബ്രിട്ടൻ, ബോട്സ്വാന, ജമൈക, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ് എന്നിവയാണ് ഫൈനലിലെത്തിയ മറ്റു ടീമുകൾ.
ഈ സീസണിലെ ഇന്ത്യൻ റിലേ ടീമിന്റെ ഏറ്റവും നല്ല സമയം 3:1.30 ആയിരുന്നു. ഒന്നാമത്തെ ഹീറ്റിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തത് 2:59.05 എന്ന ഏഷ്യൻ റെക്കോഡ‍് സമയത്തിലാണ്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഒരു മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. നേരത്തെ ഏഷ്യൻ റെക്കോഡ് ജപ്പാന്റെ പേരിലായിരുന്നു. 2:59.51 എന്ന അവരുടെ സമയമാണ് പഴങ്കഥയായത്.