ചന്ദ്രയാൻ- 3 ഇറങ്ങാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി ശാസ്ത്രലോകം
1 min read

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചാന്ദ്രയാൻ- 3 ഇന്ന് അമ്പിളി തൊടും. ഇന്ന് വൈകിട്ട് 5.45 ന് തുടങ്ങുന്ന ലാൻഡിംഗ് പ്രൊസസ്സിന് ശേഷം 6.04നായിയിരിക്കും ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ കാലു കുത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ അത് ചരിത്ര നിമിഷമാണ്. എന്നാൽ ലാൻഡിങ്ങിന്റെ അവസാന 17 മിനിറ്റുകൾ ഒരു ട്വന്റി 20 മത്സരത്തിന്റെ അവസാന നിമിഷങ്ങൾ പോലെ നെഞ്ചിടിപ്പേറ്റുന്നതായിരിക്കും. ഈ നിമിഷങ്ങളെ ’17 മിനിറ്റ്സ് ഓഫ് ടെറർ’ എന്നാണ് മുതിർന്ന ഐഎസ്ആർഒ ഡയറക്ടർ വിശേഷിപ്പിക്കുന്നത്.
ലാൻഡിങ്ങിന് മുമ്പുള്ള അവസാന 17 മിനിറ്റുകൾ അപകടസാധ്യതയുണ്ടെന്ന് ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. ‘ഓഗസ്റ്റ് 23 ന് ലാൻഡർ 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഇറങ്ങും. അതിന്റെ ഏകദേശ വേഗത സെക്കൻഡിൽ 1.68 കിലോമീറ്റർ (മണിക്കൂറിൽ ഏകദേശം 6048 കിലോമീറ്റർ) ആയിരിക്കും. ഇത് ഒരു വിമാനത്തിന്റെ വേഗതയുടെ പത്തിരട്ടിയാണ്. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ലാൻഡറിനെ അതിലേക്ക് വലിക്കും,’ നിലേഷ് എം ദേശായി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
‘സോഫ്റ്റ് ലാൻഡിങ്ങ് സമയത്ത് ലാൻഡർ പൂജ്യത്തിലേക്ക് ഡി- ആക്സിലറേറ്റ് ചെയ്യുന്നതിനായി ഞങ്ങൾക്ക് ത്രസ്റ്റർ എഞ്ചിൻ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലാൻഡർ മൊഡ്യൂളിൽ ഞങ്ങൾ നാല് ത്രസ്റ്റർ എഞ്ചിനുകൾ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറങ്ങും. ലാൻഡർ 6.8 കിലോമീറ്ററിൽ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയും ചെയ്യും. ക്യാമറകളിൽ നിന്നും സെൻസറിൽ നിന്നും ലഭിച്ച റഫറൻസ് ഡാറ്റ ഉപയോഗിച്ച്, ലാൻഡർ ഏത് സ്ഥലത്താണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കും,’അദ്ദേഹം പറഞ്ഞു.
’17 മിനിറ്റ് 21 സെക്കൻഡ് സമയം കൊണ്ട് മുഴുവൻ പ്രക്രിയയും നടക്കും. ലാൻഡർ ഏതെങ്കിലും വശത്തേക്ക് നീങ്ങുകയാണെങ്കിൽ, പരമാവധി സൈറ്റിൽ ചെയ്യാൻ, എടുക്കുന്ന സമയം 17 മിനിറ്റും 32 സെക്കൻഡും ആയിരിക്കും. ഈ ’17 മിനിറ്റ്സ് ഓഫ് ടെറർ’ ഞങ്ങൾക്ക് വളരെ നിർണായകമാണ്,’ അദ്ദേഹം പറഞ്ഞു. എന്നാൽ അവിടെ തെറ്റുപറ്റാൻ യാതൊരു സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്‍റെ ഓര്‍ബിറ്ററും ചന്ദ്രയാന്‍ മൂന്നിന്‍റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.
ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ ഓര്‍ബിറ്ററുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്. ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങൾ ലാൻഡിംഗിന് മുൻപ് തന്നെ ചന്ദ്രയാൻ ഭൂമിയിലേക്കയച്ചിരുന്നു. റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ 25 തകർന്നു വീണ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയോടെയാണ് ചന്ദ്രയാൻ മൂന്നിനെ ഇറക്കാനാണ് ഐഎസ്ആർഒ ശ്രമിക്കുന്നത്.