കണ്ണുകളെല്ലാം ഇനി ഇന്ത്യയിലേക്ക്; സോഫ്റ്റ് ലാൻഡിങ്ങിനൊരുങ്ങി ചന്ദ്രയാൻ- 3
1 min read

ബെംഗളൂരു: സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്ങിനൊരുങ്ങി ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-മൂന്ന്. ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ മിഴിവാർന്ന ചിത്രങ്ങള്‍ ഐഎസ്ആർഒ പുറത്തുവിട്ടു. സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ദക്ഷിണധ്രുവത്തിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ആഗസ്ത് 19ന് പേടകം ചന്ദ്രന്‍റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.


ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. പേടകം ഇറക്കുന്നതിന് പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത സുരക്ഷിതമായ പ്രദേശം കണ്ടെത്തുന്നതിനു വേണ്ടി വികസിപ്പിച്ച കാമറയാണ് എൽപിഡിസി. മറ്റന്നാൾ വൈകിട്ട് 6.04നാണ് ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്. നിലവിൽ ചന്ദ്രനിൽ നിന്ന് കുറഞ്ഞ ദൂരം 25 കിലോ മീറ്ററും കൂടിയദൂരം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട വിക്രം ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിപ്പ് തുടരുകയാണ്. സെക്കൻഡിൽ ഒന്നുമുതൽ മൂന്ന് മീറ്റർ വരെ വേഗത്തിലായിരിക്കും ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്യുക. ലാൻഡറിൽ നിന്ന് വേർപെടുന്ന പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും.
പേടകത്തിന്‍റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയത്. ഡീബൂസ്റ്റിങ്ങിന് പിന്നാലെ പേടകത്തെ പൂർണ നിയന്ത്രണത്തിലാക്കി സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഐഎസ്ആർഒ.