‘ പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന് ?’ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ
1 min read

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
‘പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചർച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവർത്തിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. അത് നിർവഹിക്കാൻ എനിക്കും കടമയുണ്ട്’- ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് വിജയിക്കണമെന്ന സിപിഐഎം പരാമർശത്തോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയമാണല്ലോ. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പുണ്ടോ എന്നറിയില്ല. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന്. അങ്ങനെയെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ’- ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന് കൈത്താങ്ങായി ഒരു എംഎൽഎ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴും കൂടെ നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തിയതി വോട്ടെണ്ണലും നടക്കും.