ചേളാരിയിൽ നാലുവയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയായ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശി രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇയാൾ കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ട മാതാവ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. യുവതി പോലീസിന്റെ 100 നമ്പറിൽ വിളിച്ചു സംഭവം അറിയിക്കുകയായിരുന്നു.
തുടർന്ന് തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. തിരൂരങ്ങാടി സ്റ്റേഷനിലേക്ക് കൈമാറി. ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം നിഷേധിച്ചു.
പ്രതി മാർബിൾ തൊഴിലാളിയാണ്. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.