നഗരസഭ കോംപ്ലക്സ് നിർമ്മാണ സ്ഥലത്ത് നിന്നും മണ്ണ് കടത്തിയ സംഭവം; തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് 18,400/- പിഴ അടക്കാൻ ജിയോളജി വകുപ്പിന്റെ നോട്ടീസ്.


തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെയും മുൻ ഭരണ സമിതിയുടെയും ഒത്താശയോടെ മുൻസിപ്പൽ കോംപ്ലക്സ് നിർമ്മാണ സ്ഥലത്ത് നിന്നും വ്യാപകമായി മണ്ണ് കടത്തികൊണ്ടുപോയ സംഭവത്തിൽ തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് 18,400/ പിഴ അടക്കാൻ ജിയോളജി വകുപ്പിന്റെ നോട്ടീസ്.

കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ വ്യാപകമായി മണ്ണ് നീക്കം ചെയ്തതതിനെ തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ മണ്ണ് കടത്ത് തടഞ്ഞിരുന്നു.
അനധികൃതമായി ഖനനം ചെയ്ത മണ്ണ് കടത്തികൊണ്ട് പോയതിനെ തുടർന്ന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി എം.പി. സ്വാലിഹ് തങ്ങൾ നൽകിയ പരാതിയിലാണ് ജില്ലാ ജിയോളജിസ്റ്റ് അന്വേഷണം നടത്തി 18,400 രൂപ പിഴ അടവാക്കാന് മുൻസിപ്പൽ സെക്രട്ടറി ഇ. നാസിമിന് നോട്ടീസ് നൽകിയിരിക്കുന്നത്.

നിർമ്മാണ സ്ഥലത്ത് നിന്നും 70 ക്യൂബിക് മീറ്റർ മണ്ണ് കടത്തികൊണ്ട് പോയതായും ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് നഗരസഭ ബിൽഡിംഗ് പെർമിറ്റും ഡെവലപ്മെന്റ് പെർമിറ്റും നൽകിയിട്ടുണ്ടോ എന്നതിനും മണ്ണ് പുറത്തേക്ക് കടത്തിയതിന് തുടർ നടപടിയെടുക്കാത്തതിന് കാരണവും വിശദമായ റിപ്പോർട്ടും ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
നിർമ്മാണ സ്ഥലത്ത് നിന്ന് 40 ക്യൂബിക് മീറ്റർ മണ്ണ് പുറത്തേക്ക് നീക്കം ചെയ്തതിന്റെ വില കുറ്റക്കാരിൽ നിന്നും ഈടാക്കുന്നതിനും അറിയിച്ചിരുന്നു.
തുടർ നടപടികൾ എടുക്കാത്തതിനാലും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുൻകൂർ റോയൽറ്റി അടക്കുകയോ ട്രാൻസിറ്റ് പാസുകൾ സമ്പാദിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 70 ക്യൂബിക് മീറ്റർ അളവ് മണ്ണ് നീക്കം ചെയ്തതിന് റോയൽറ്റി, വില, പിഴ ഇനത്തിൽ 18,400 രൂപഅടക്കാൻ നോട്ടീസ് നൽകിയത്.