NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മകളേ മാപ്പ്’; ആലുവ സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേരള പൊലീസ്

 

തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മാപ്പപേക്ഷ. ‘മകളേ മാപ്പ്’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇന്ന് രാവിലെയാണ് കാണാതായ കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റ് പരിസരത്ത് നിന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസില്‍ കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം രംഗത്ത് വന്നിരുന്നു.

 

 

അതേസമയം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞുമായി പ്രതി അസ്ഫാക്ക് ആലുവാ മാര്‍ക്കറ്റിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ വേണ്ട സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് ആലുവയിലെ ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞത്.

 

 

മൂന്ന് മണി കഴിഞ്ഞാല്‍ ആലുവാ മാര്‍ക്കറ്റ് പരിസരത്ത് ആരുമുണ്ടാകില്ല. പിന്നീടിവിടെ കാണാവുന്നത് മദ്യവും മയക്കുമരുന്നുമായി വന്നിരിക്കുന്ന സാമൂഹ്യ വിരുദ്ധരാണ്. പകലുപോലും ഇവിടെ പരിശോധനയില്ല. പൊലീസ് പട്രോളിംഗ് നടക്കുന്നില്ല. രാവിലെ വന്നാല്‍ കാണുന്നത് മദ്യകുപ്പികളും മറ്റുമാണ്. ഈ പ്രശ്‌നം നിരന്തരമായി അധികൃതരെ അറിയിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

 

 

കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച ആലുവ മാര്‍ക്കറ്റിന്റെ പരിസരം വിജനമായ സ്ഥലമാണ്. കന്നുകാലികളെ കെട്ടുന്ന മാലിന്യം കൊണ്ടുതള്ളുന്ന സ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തോളമായി ഈ പ്രദേശം വൃത്തിഹീനമായാണ് കിടക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം സ്ഥലമാകാന്‍ ഇതുമൊരു കാരണമായെന്നും നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.